ജലസംഭരണിയിൽ മുള്ളൻപന്നി കുടുങ്ങി; വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി
text_fieldsകാട്ടാക്കട: കുളത്തോട്ടുമല വൃദ്ധസദനത്തിലെ ജലസംഭരണിയിൽ മുള്ളൻപന്നി കുടുങ്ങി. വൃദ്ധസദനം അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് പരുത്തിപ്പള്ളി റേഞ്ചിലെ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) എത്തി പിടികൂടി.
വൃദ്ധസദനത്തിൽ ഉപയോഗശൂന്യമായി കിടന്ന ജലസംഭരണിയിൽ ബുധനാഴ്ച വൈകീട്ടോടെയാണ് മുള്ളൻപന്നിയെ അന്തേവാസികൾ കണ്ടത്. തുടർന്നാണ് വനം വകുപ്പിനെ വിവരമറിയിച്ചത്. പരുത്തിപ്പള്ളി ഫോറസ്റ്റ് ബീറ്റ് ഓഫിസറും ആർ.ആർ.ടി അംഗവുമായ രോഷ്നി, ശരത്, നിഷാദ് എന്നിവർ ചേർന്നാണ് മുള്ളൻ പന്നിയെ ഇരുമ്പ് വലയിൽ കയറ്റി പുറത്തെത്തിച്ചത്.
വെള്ളനാട്ട് വനംവകുപ്പിന്റെ രക്ഷാപ്രവർത്തനത്തിനിടെ കരടി കിണറ്റിൽ മുങ്ങിച്ചത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയോടെയാണ് ആർ.ആർ.ടി അംഗങ്ങൾ മുള്ളൻപന്നിയെ പിടികൂടിയത്.
പിന്നീട് വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇതിനെ ഉൾക്കാട്ടിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കാട്ടാക്കട, മലയിൻകീഴ്, കുറ്റിച്ചൽ പ്രദേശങ്ങളിൽ മുള്ളൻപന്നിയുടെ സാന്നിധ്യമുണ്ട്. അടുത്തിടെ കഠിനംകുളം ഗവ. എൽ.പി സ്കൂളിലെ ക്ലാസ് മുറിയിൽനിന്ന് മുള്ളന്‍പന്നിയെ വനംവകുപ്പ് ജീവനക്കാർ പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.