നിയന്ത്രിക്കാനാരുമില്ല; വാഹനങ്ങൾ ചീറിപ്പാഞ്ഞ് അപകടം പതിവ്
text_fieldsകാട്ടാക്കട: ഓണക്കാലത്ത് ലക്കും ലഗാനുമില്ലാതെയുള്ള വാഹനങ്ങളുടെ ചീറിപ്പാച്ചിലില്‍ ഗ്രാമീണമേഖലയിലെ റോഡുകളില്‍ നടന്നത് നിരവധി അപകടങ്ങള്‍. റോഡപകടങ്ങളില്‍ പരിക്കേറ്റ് നിരവധി പേരാണ് തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇരുചക്രവാഹനങ്ങള്‍ കൊണ്ടിടിച്ച് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായത് ഡസനിലേറെയുണ്ട്. കാട്ടാക്കട പൊലീസ് സബ് ഡിവിഷന് കീഴില്‍ ഓണാവധിക്കാലത്ത് പത്തിലേറെ പരാതികളാണ് നല്‍കിയിട്ടുള്ളത്. ലഹരിയിലും അമിത വേഗതയിലും റോഡ് നിയമങ്ങള്‍ ലംഘിച്ച് യാത്രചെയ്യുമ്പോള്‍ പരിക്കേല്ക്കുന്നതിലധികവും കാല്‍നടയാത്രക്കാരാണ്.
വാഹനങ്ങളുടെ അമിതവേഗമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഉത്രാടദിനവും തിരുവോണ പിറ്റേന്നുമൊക്കെ റോഡിലിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വേണ്ടത്ര പരിശോധന ഇല്ലാത്തത് അലക്ഷ്യമായ ഡ്രൈവിങ്ങിന് തുണയായി. കാട്ടാക്കട പ്രദേശത്തെ എ.ഐ കാമറകളുടെ പ്രവര്‍ത്തനം നിലച്ചതും അനുഗ്രഹമായി
പുന്നാംകരിക്കകം മുളമൂട് മുതൽ പൂവച്ചൽ ജങ്ഷൻ വരെയും അവിടെ നിന്ന് ആലമുക്ക് വരെയും വലിയ വളവില്ലാത്ത റോഡായതിനാൽ വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നുപോകുന്നത്. പ്രധാന റോഡിലേക്ക് ഇടറോഡ് ചേരുന്ന മുളമൂട് ജങ്ഷനിൽ എന്നും അപകടമാണ്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് മുന്നിൽ സ്കൂൾ കുട്ടികളും വയോധികരും ചെന്ന് പെടുക പതിവാണ്. ബൈക്കുകളിലെ മത്സരഓട്ടവും അഭ്യാസവും ചെറുപ്പക്കാർക്ക് ഹരമാകുമ്പോൾ വഴിയാത്രക്കാർ ഭീതിയിലാണ്. ബൈക്കുകൾ കൂട്ടിയിടിക്കുന്ന അപകടങ്ങൾക്ക് കാരണം മത്സരയോട്ടമാണ്. കോട്ടൂർ, നെടുമങ്ങാട് എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡായിട്ടും ഒരിടത്തും അപകട മുന്നറിയിപ്പ് ബോർഡുകളോ സ്പീഡ് ബ്രേക്കറോ ഇല്ല. കാട്ടാക്കട താലൂക്ക് പ്രദേശത്ത് ഒരുവര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ പതിനഞ്ചിലേറെ പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ നിരവധിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.