മാറനല്ലൂരിലെ ആസിഡ് ആക്രമണം; ദുരൂഹത ഒഴിയുന്നില്ല
text_fieldsകാട്ടാക്കട: സി.പി.ഐ മാറനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ആര്. സുധീർ ഖാന് നേരെയുള്ള ആസിഡ് ആക്രമണത്തിലും കൃത്യം നടത്തിയ മുന്‍ ലോക്കൽ സെക്രട്ടറി സജികുമാറിന്റെ ആത്മഹത്യയിലും ദുരൂഹതകളേറെ. ഞായറാഴ്ച രാവിലെയാണ് സജികുമാര്‍ സുധീർ ഖാന്റെ വീട്ടിലെത്തി കിടക്കമുറിയില് കടന്ന് ആസിഡ് ഒഴിച്ചശേഷം കടന്നത്.
ഗുരുതര പരിക്കേറ്റ സുധീര്‍ ഖാനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സജികുമാര്‍ നാടുവിട്ടു. ചൊവ്വാഴ്ച രാത്രിയാണ് തമിഴ്നാട്ടിലെ മധുരയില്‍ ലോഡ്ജില്‍ സജികുമാർ ആത്മഹത്യചെയ്തെന്ന വിവരം അറിഞ്ഞത്.
അടുത്ത സുഹൃത്തുക്കളും സി.പി.ഐയിലെതന്നെ നേതാക്കളുമായിരുന്ന സുധീര്‍ഖാനും സജികുമാറും തമ്മിൽ അടുത്തിടെയാണ് തർക്കം തുടങ്ങിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. പൊടുന്നനെ സുധീർ ഖാനുനേരെ അക്രമം നടത്താന്‍ പ്രേരിപ്പിച്ചതുസംബന്ധിച്ച് സംശയങ്ങൾ ഏറെയാണ്.
സുധീര്‍ ഖാന് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും വെള്ളൂര്‍ക്കോണം ക്ഷീരസംഘം പ്രസിഡന്റുമാണ്. ക്ഷീരസംഘം സെക്രട്ടറിയായിരുന്ന സജികുമാര്‍ രണ്ടു വര്‍ഷം മുമ്പ് വിരമിച്ചു. സജികുമാര്‍ ക്ഷീരസംഘം പ്രസിഡന്റാകാൻ നീക്കം നടത്തുകയായിരുന്നു.
സുധീര്‍ ഖാന് പദവി വിട്ടൊഴിയാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഇരുവരുടെയും സൗഹൃദം ഉലഞ്ഞു. ഇവര്‍ തമ്മിലെ പ്രശ്നങ്ങള്‍ തീര്‍ക്കാൻ പാര്‍ട്ടി ഉന്നതർ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതിനിടെ ക്ഷീരസംഘത്തിലെ ബാധ്യതകള്‍ സജികുമാറിന്റെ മേല്‍ വരുത്തിവെക്കാന്‍ നീക്കം നടന്നതായും ആരോപണമുയർന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന വിവരങ്ങൾ സജികുമാറിന്റെ ആത്മഹത്യക്കുറിപ്പിൽനിന്നും ഡയറിയിൽനിന്നും കണ്ടെത്തിയത്രെ. സുധീര്‍ ഖാന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.