ആമച്ചല്‍, കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളില്‍ പ്രസിഡന്റ് പദവിക്കായി പരക്കംപാച്ചിൽ
text_fieldsകാട്ടാക്കട: ആമച്ചല്‍, കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളില്‍ പ്രസിഡന്റ് പദവി കാത്തിരിക്കുന്നത് ഒരുഡസനിലേറെ പേര്. ആമച്ചല്‍ മണ്ഡലം കമ്മിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുതല്‍ മുന്‍മണ്ഡലം പ്രസിഡന്റ് വരെയുള്ളവര്‍ പ്രസിഡന്റ് കസേരക്കായി പിടിമുറുക്കിയിരിക്കുകയാണ്. കാട്ടാക്കട മണ്ഡലം കമ്മിറ്റി പ്രസിഡന്റാകാനാണ് കൂടുതല്‍പേര്‍ രംഗത്തെത്തിയിട്ടുള്ളത്. കാട്ടാക്കട പഞ്ചായത്തിലെ മണ്ഡലം പ്രസിഡന്റ് കസേര ഉറപ്പിക്കാന്‍ മുന്‍ എം.എല്‍.എ മുതല്‍ പാര്‍ലമെന്റ് അംഗം വരെയുള്ളവരെ നേതാക്കളുടെ ഉറക്കംകെടുത്തുകയാണ് സ്ഥാനമോഹികൾ.
കാട്ടാക്കട മണ്ഡലം കമ്മിറ്റിയിലേക്ക് പ്രബല സമുദായ അംഗത്തിനുവേണ്ടി ഒരുവിഭാഗം പിടിമുറുക്കുമ്പോള്‍ മറ്റൊരുവിഭാഗം ഗ്രൂപ് നേതാവിനെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഏറെക്കാലമായി നിർജീവമായിരിക്കുന്ന മണ്ഡലം കമ്മിറ്റികളാണ് ഗ്രാമപഞ്ചായത്ത് ഭരണംപോലും നഷ്ടപ്പെടുത്തുന്നതെന്നും ഊർജസ്വലരായ യുവാക്കളെ നേതൃനിരയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഏറെക്കാലമായി പഞ്ചായത്തില്‍ പല ബൂത്ത് കമ്മിറ്റികള്‍പോലും നിലവിലില്ലാത്ത സ്ഥിതിയാണുള്ളതെങ്കിലും മണ്ഡലം പ്രസിഡന്റ്പദവിക്കായി വന്ചരടുവലികളാണ് നടന്നത്. കെ.പി.സി.സിയിലും ഡി.സി.സിയിലും വരെ ഭാരവാഹികള്‍ ഉള്ള കാട്ടാക്കട മണ്ഡലം കമ്മിറ്റി ഏറെക്കാലമായി നിർജീവമാണെന്ന് യു.ഡി.എഫിലെ നേതാക്കള്‍തന്നെ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുപോലും കാട്ടാക്കട മണ്ഡലം കമ്മിറ്റിയില്‍ യു.ഡി.എഫ് യോഗം ചേര്‍ന്നിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുവേണ്ടിയുള്ള മത്സരം നടക്കുന്നതൊഴിച്ചാല്‍ മണ്ഡലം കമ്മിറ്റി തീര്‍ത്തും ദുര്‍ബലമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ സമ്മതിക്കുന്നു. കാല്‍നൂറ്റാണ്ടായി പഞ്ചായത്ത്ഭരണം പോലും നേടാനാകാത്തവിധം ദുര്‍ബലമായ മണ്ഡലം കമ്മിറ്റിയിലാണ് ഇക്കുറി പ്രസിഡന്റ് പദവിയിലേക്ക് എത്താനായി തീവ്രശ്രമങ്ങള്‍ നടത്തുന്നത്. എ.ഐ ഗ്രൂപ് നേതാക്കള്‍ക്കു പുറമെ, കെ. സുധാകരന്, ശശി തരൂര്‍, കെ.സി. വേണുഗോപാല്‍, കെ. മുരളീധരന് എന്നിവരുടെ അണികളും പ്രസിഡന്റാകാനായി പരക്കംപായുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.