കാറെടുക്കുന്നതിനെച്ചൊല്ലി തർക്കം; യുവാവിനെയും ഭാര്യയെയും അക്രമിസംഘം മർദ്ദിച്ചു
text_fieldsകാട്ടാക്കട: രാത്രിയില്‍ ഓഡിറ്റോറിയത്തില്‍ വിവാഹ സൽക്കാരത്തിനെത്തിയ യുവാവിനെയും ഗർഭിണിയായ ഭാര്യയെയും അക്രമിസംഘം ആക്രമിച്ച് കാറിന്റെ ചില്ല് തകര്‍ത്തു. കാട്ടാക്കട തൂങ്ങാംപാറ കൃപ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കാട്ടാക്കട അമ്പലത്തിൻകാല വലിയവിള തോട്ടറ ബിനിത ഭവനിൽ ബിനീഷ് ബി. രാജു (30), ഭാര്യ നീതുരാജ് (29)എന്നിവര്‍ക്കാണ് മർദനമേറ്റതായി കാട്ടി കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്.
ബിനീഷും ഭാര്യയും സഹോദരനുമായി വിവാഹ സൽക്കാരത്തില്‍ പങ്കെടുക്കാനായി രാത്രിയില്‍ തൂങ്ങാംപാറയിലുള്ള ഓഡിറ്റോറിയത്തിലെത്തി. തിരികെപ്പോകാനായി കാറില്‍ കയറിയപ്പോള്‍ വാഹനം മുന്നോട്ടുപോകാതെ നിന്നു. ഇതിനിടെ ഓഡിറ്റോറിയ പരിസരത്തുണ്ടായിരുന്ന ഒരുസംഘം യുവാക്കള്‍ വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളാരംഭിക്കുന്നത്.
തര്‍ക്കം തുടങ്ങുമ്പോള്‍ ജി. സ്റ്റീഫന്‍ എം.എല്‍.എയുടെ കാര്‍ ബിനീഷിന്റെ കാറിനടുത്തായി പാര്‍ക്ക് ചെയ്തിരുന്നു. എം.എല്‍.എയോ ഡ്രൈവറോ കാറിലുണ്ടായിരുന്നില്ല. ബിനീഷിന്റെ കാര്‍ മാറ്റുന്നതിനെചൊല്ലിയുള്ള തര്‍ക്കം നടക്കുമ്പോള്‍ ജി. സ്റ്റീഫന്‍ എം.എല്‍.എ ഓഡിറ്റോറിയത്തിനുള്ളിലായിരുന്നതായി കാമറ ദൃശ്യങ്ങളിലുണ്ട്. ബിനീഷിന്റെ സഹോദരൻ കാറിൽ കയറാനായി ശ്രമിക്കുന്നതിനിടെ അക്രമി സംഘം കാറിന് മുന്നിലെത്തി കാറിലുണ്ടായിരുന്നവരെ മർദിക്കുകയായിരുന്നു.
അക്രമത്തിനിടെ ബിനീഷിന്റെ സ്വർണമാല നഷ്ടപ്പെട്ടതായും പരാതിയില്‍ പറയുന്നു. അക്രമത്തിനിടെ കാറിൽ നിന്നു പുറത്തിറങ്ങിയ നീതുരാജ് അക്രമിസംഘത്തെ പിടിച്ചുമാറ്റാൻ ശ്രമിച്ചതായും ഇതിനിടെ കൈക്ക് പരിക്കേറ്റതായും സ്വർണമാല നഷ്ടപ്പെട്ടതായും പരാതിയിൽ പറയുന്നു. ബിനീഷിന്റെ മുഖത്തും കൈക്കും മൂക്കിനും പരിക്കേറ്റു.
രാത്രി തന്നെ കാട്ടാക്കട പൊലീസിൽ പരാതിയുമായെത്തിയെങ്കിലും ആശുപത്രിയിൽ പോകാനും അടുത്ത ദിവസം എത്താനുമാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍നിന്ന് നിർദേശിച്ചത്. മര്‍ദനമേറ്റതും സ്വര്‍ണാഭരണം നഷ്ടപ്പെട്ടതും സംബന്ധിച്ച് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ബിനീഷിനും കുടുംബത്തിനും പൊലീസ് സ്റ്റേഷനില്‍നിന്ന് ദുരനുഭവമുണ്ടായതായും ബിനീഷ് പറഞ്ഞു. അക്രമം നടക്കുന്ന സമയം എം.എൽ.എയുടെ കാര്‍ ബിനീഷിന്റെ വാഹനത്തിന് പിന്നിൽ ഉണ്ടായിരുന്നതായും എം.എൽ.എയോ ഡ്രൈവറോ ഉള്‍പ്പെട്ടവരാരും തന്നെ കാറിലുണ്ടായിരുന്നില്ലെന്നും ബിനീഷ് രാജ് പൊലീസിൽ മൊഴി നൽകി.പരിക്കേറ്റ ബിനീഷ് നെയ്യാറ്റിൻകര സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ കേസെടുത്തതായി കാട്ടാക്കട പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.