ബോട്ടുകള്‍ നെയ്യാര്‍ഡാമില്‍ തുരുമ്പെടുത്ത് നശിക്കുന്നു
text_fieldsകാട്ടാക്കട: വനം വകുപ്പിന്റെയും ഡി.ടി.പി.സിയുടെയും നിരവധി ബോട്ടുകള്‍ നെയ്യാര്‍ഡാമില്‍ തുരുമ്പെടുത്ത് നശിക്കുന്നു. ആദ്യം എൻജിന് തകരാറിലാകുന്ന ബോട്ടുകള്‍ തീരത്തടുപ്പിക്കും. പിന്നീട് കരക്കുകയറ്റും. കരക്കുകയറ്റിയ ബോട്ടുകളൊന്നും പിന്നീട് വെള്ളത്തിലിറങ്ങിയിട്ടില്ല. രണ്ടുവര്‍ഷത്തിനിടെ ഡി.ടി.പി.സിയുടെ അഞ്ച് ബോട്ടുകളാണ് കട്ടപ്പുറത്തായത്. വനംവകുപ്പിന്റെ നിരവധി ബോട്ടുകള്‍ ഇത്തരത്തില്‍ നശിച്ച് നെയ്യാറിന്റെ വിവിധ തീരങ്ങളില്‍ കിടക്കുന്നത് കാണാം.
ദിവസങ്ങള്‍ക്ക് മുമ്പ് നെയ്യാർ ജലാശയത്തിൽ സവാരി നടത്തിയിരുന്ന ഡി.ടി.പി.സിയുടെ ബോട്ടുകള്‍ എൻജിന് തകരാർ കാരണം കട്ടപ്പുറത്തായതോടെ ബോട്ട് സവാരി നിലച്ചു. തുടര്‍ന്ന് പരാതികള്‍ ശക്തമായതോടെ ഒരെണ്ണം തകരാര്‍ പരിഹരിച്ച് കഴിഞ്ഞയാഴ്ച സര്‍വിസ് ആരംഭിച്ചു. ആറ് പേർക്ക് കയറാവുന്ന രണ്ടു സഫാരിയും മൂന്ന് പേർക്കുള്ള ഒരു സ്പീഡ് ബോട്ടും അഞ്ചുപേർക്കുള്ള സെമി സ്പീഡ് ബോട്ടും ഉൾപ്പെടെ അഞ്ച് ബോട്ടുകളാണ് നെയ്യാർഡാം ഡി.ടി.പി.സിയുടേതായി ജലാശയത്തിൽ ഓടിയിരുന്നത്.
വിവിധ കാരണങ്ങളാൽ ബോട്ടുകൾ ഒന്നൊന്നായി ഷെഡിലായി. ഒരുവർഷം മുമ്പ് മുങ്ങിപ്പോയ പുതിയ മൂന്നുപേർക്കുള്ള സ്പീഡ് ബോട്ടിന്റെ എൻജിൻ ഉൾപ്പെടെ സർവിസിനായി കൊണ്ടുപോയിട്ട് ഇതേ വരെ തിരിച്ചെത്തിയിട്ടില്ല. ഇവിടെയുള്ള പല ബോട്ടുകൾക്കും ഫിറ്റ്നസും ഇൻഷുറൻസും നേടാൻ കഴിയാത്തതും ബോട്ടുകൾ നീറ്റിലിറക്കാൻ ഉള്ള തടസ്സമായി പറയുന്നു.
നെയ്യാർഡാമിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ബോട്ട് സവാരി. എന്നാല്‍ അധികൃതരുടെ അനാസ്ഥ കാരണം ദിവസം കഴിയും തോറും നെയ്യാര്‍ഡാമിലെ ബോട്ടുസവാരിക്കെത്തുന്നവര് നെയ്യാറിന്റെ തീരത്ത് നശിച്ചുകിടക്കുന്ന ബോട്ടുകളെ കണ്ട് നിരാശരായി മടങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.