അലക്ഷ്യമായ ബൈക്ക് ഓടിക്കൽ; രണ്ടാഴ്ചക്കിടെ കാട്ടാക്കടയിൽ പൊലിഞ്ഞത് രണ്ട് ജീവൻ
text_fieldsകാട്ടാക്കട: അലക്ഷ്യമായ ബൈക്ക് ഓടിക്കല്‍ രണ്ടാഴ്ചക്കിടെ കാട്ടാക്കട മേഖലയില്‍ രണ്ട് യുവാക്കളുടെ ജീവനെടുത്തു. കാട്ടാക്കട-തിരുവനന്തപുരം റോഡില്‍ കിള്ളിക്കടുത്ത് ബൈക്ക് റോഡരികില്‍ നിര്‍ത്തി ഇറങ്ങാനൊരുങ്ങവെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചാണ് അരുവിക്കുഴി മേലേ തടത്തരികത്ത് വീട്ടിൽ പ്രിന്‍സ്(44) മരിച്ചത്. ഒക്ടോബർ എട്ടിനായിരുന്നു അപകടം. അപകടസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ ശേഖരിച്ചെങ്കിലും അപകടത്തിനിടയാക്കിയ ബൈക്ക് യാത്രികനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടം കണ്ടവര്‍ നല്കുന്ന വിവരം അപകടത്തിൽ ദുരൂഹതക്കും ഇടയാക്കുന്നു.
ഒക്ടോബർ മൂന്നിന് പറണ്ടോട്-ആര്യനാട് റോഡില്‍ ചേരപ്പള്ളിക്കടുത്തായിരുന്നു ചേരപ്പള്ളി സിന്ധുഭവനിൽ സിബി ഉദയകുമാറിെന്റ (23) ജീവനെടുത്ത അപകടമുണ്ടായത്. ഇതിലും വില്ലന്‍ ബൈക്ക് തന്നെ. പിന്നാലെ അലക്ഷ്യമായിപാഞ്ഞുവന്ന ബൈക്ക് സിബിയുടെ ബൈക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. എന്നാൽ റോഡ്സൈഡിലൂടെ വന്ന സിബിയെ പിന്നാലെ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്.
ലക്കും ലഗാനുമില്ലാത്ത ബൈക്കുകളുടെ ചീറിപ്പാച്ചിലില്‍ ഗ്രാമീണമേഖലയിലെ റോഡുകളില്‍ ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. ബൈക്കുകളുടെ ചീറിപ്പാച്ചിലും അലക്ഷ്യമായ ഡ്രൈവിങ്ങും കാരണം കഴിഞ്ഞ ആറുമാസത്തിനിടെ കാട്ടാക്കട മേഖലയില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. കാല്‍നടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരുമാണ് കൂടുതലും അപകടത്തിൽപെട്ടത്. ലഹരിയിലും അമിതവേഗത്തിലും റോഡ് നിയമങ്ങള്‍ പാലിക്കാതെ യാത്രചെയ്യുന്നവര്‍ അപകടം നടന്നയുടന്‍ സ്ഥലം വിടുകയാണ്.
പ്രായപൂര്‍ത്തിയാകാത്തവരും ലൈസന്‍സില്ലാത്തവരും റോഡിലൂടെ ബൈക്കുകളിലും കാറുകളിലും ചീറിപ്പാഞ്ഞ് വരുത്തിെവക്കുന്ന അപകടങ്ങളും ഏറെയാണ്. ഇത്തരം വാഹനങ്ങൾക്കുമുന്നിൽ സ്കൂൾ കുട്ടികളും വയോധികരും പെടുന്നതും പതിവാണ്. ഇതോടൊപ്പം ബൈക്കുകളുടെ മത്സരയോട്ടവും അഭ്യാസവും അപകടങ്ങൾക്ക് വഴിവെക്കുന്നു. ഇതിനെതിരെയുള്ള പരാതികള്‍ അധികൃതര്‍ കേള്‍ക്കാതായതോടെ ഇവരുടെ ശല്യം കൂടിവരുന്നു. അപകടങ്ങളില്‍ പരിക്കേല്ക്കുന്നവരിലധികവും കേസുകള്‍ക്കും മറ്റും പോകാത്തതിനാല്‍ അപകടങ്ങളെക്കുറിച്ച് കൃത്യമായ കണക്കും പൊലീസിന്റെ പക്കലുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.