ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച ഗാനമേളക്കിടെ സംഘര്‍ഷം
text_fieldsകാട്ടാക്കട: മാറനല്ലൂര്‍ കരിങ്ങല്‍ തൊട്ടിക്കര ഭദ്രകാളിദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ സംഘര്‍ഷം. ഗാനമേളക്കിടെ നൃത്തം ചെയ്യുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്ത യുവാക്കളെ പൊലീസ് വിലക്കുകയും താക്കീത് നൽകുകയുംചെയ്തതാണ് പ്രശ്നത്തിനു തുടക്കം. ഇതോടെ നൃത്തസംഘം പൊലീസിനുനേരെ തിരിഞ്ഞു. പൊലീസ് ലാത്തിവീശിയതോടെ സംഘര്‍ഷാവസ്ഥ സംജാതമായി. തമ്മിലടിയും കല്ലേറും ഉണ്ടായി.
സംഘര്‍ഷത്തിനിടെ മാറനല്ലൂര്‍ കരിങ്ങല്‍ സ്വദേശികളായ പ്രദീപ്, മനോജ്, പ്രഭാകരൻ, മാറനല്ലൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കൃഷ്ണകുമാർ, എ.എസ്.ഐ ജയരാജ്, ക്യാമ്പ് ഗ്രേഡ് എ.എസ്.ഐ ജോർജ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇതിനിടെ പരിക്കേറ്റ നാട്ടുകാരായ പ്രദീപ്, മനോജ് എന്നിവരെ പൊലീസ് തന്നെ ജീപ്പിൽ കണ്ടല ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
പൊലീസുകാരും ചികിത്സ തേടി. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവങ്ങൾക്ക് തുടക്കം. സംഘർഷം വലിയ തോതിലേക്ക് പോകുമെന്ന് കണ്ട് കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവുവന്നത്.
ആഴ്ചകള്‍ക്ക് മുമ്പ് മാറനല്ലൂര്‍ സ്റ്റേഷൻ പരിധിയിലെ മണ്ണടിക്കോണം ക്ഷേത്രത്തിൽ സംഘർഷം നടന്നിരുന്നു. അതിനാൽ മുൻകരുതലായി കൂടുതൽ പൊലീസിനെ ഇവിടെ വിന്യസിക്കുകയും സംഘാടകര്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍, പൊലീസിന്റെ മുന്നറിയിപ്പുകളൊന്നും സംഘാടകര്‍ കാര്യമായെടുത്തില്ല. ഗാനമേള തുടങ്ങി രാത്രി 12 ഓടെ പാട്ടിനൊത്തു കൂടുതല്‍ യുവാക്കള്‍ നൃത്തം ചവിട്ടാൻ തുടങ്ങിയപ്പോൾ യുവാക്കളെ പൊലീസ് താക്കീത് നല്കി.
അപ്പോഴേയ്ക്കും മറ്റൊരു ഭാഗത്തുനിന്ന് ഒരുകൂട്ടം യുവാക്കള്‍ കളി ആരംഭിച്ചു. ചെറിയ റോഡ് ആയതിനാൽ ആളുകൾക്ക് കടന്നുവരാൻ ബുദ്ധിമുട്ടായി. പരിഹരിക്കാൻ പൊലീസ് ആളുകളെ മാറ്റാൻ തുടങ്ങി. അപ്രതീക്ഷിതമായി ഒരാൾ പൊലീസിനെ പിടിച്ച് തള്ളിയെന്ന് നാട്ടുകാര്‍ പറയുന്നു. കൈയിൽ ലാത്തിയോ മറ്റു പ്രതിരോധ ഉപാധികളോ ഇല്ലാത്ത പൊലീസ് അപ്രതീക്ഷിത ആക്രമണത്തിൽ നിലത്തു വീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.