വാടക കെട്ടിടങ്ങളില്‍ വീര്‍പ്പുമുട്ടി കാട്ടാക്കടയിലെ കോടതികൾ
text_fieldsകാട്ടാക്കട: കാട്ടാക്കട പോക്സോ കോടതിയും ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയും അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി വാടക കെട്ടിടങ്ങളില്‍. കാട്ടാക്കട-നെയ്യാറ്റിന്‍കര റോഡില്‍ രണ്ട് നില കോടതി സമുച്ചയം നിർമിച്ചിട്ട് നാളേറെയായി. പോക്സോ കോടതിയും ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയും അഞ്ചുതെങ്ങിന്മൂട്ടിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനായി എത്രനാള്‍ ഇനി കാത്തിരിക്കേണ്ടിവരുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇപ്പോള്‍ വീണ്ടും നാലുനിലകൾ കൂടി പണിയാൻ 12.44 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതാണ് കാട്ടാക്കടയില്‍ നിലവിലുള്ള കോടതികള്‍ക്ക് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതിന് തടസ്സം. പുതിയ നീക്കത്തോടെ കാട്ടാക്കടയിലെ കോടതി സമുച്ചയം ആറ് നിലകളുള്ളതായി മാറും. എന്നാല്‍ പൂർത്തിയായ രണ്ടുനില മന്ദിരത്തിൽ രണ്ടുകോടതികൾക്ക് മാത്രമേ പ്രവർത്തിക്കാനാവൂ.
2005ലാണ് കാട്ടാക്കട ഗ്രാമ പഞ്ചായത്ത് കോടതി മന്ദിരത്തിനായി അഞ്ചുതെങ്ങിൻമൂട്ടിൽ 50 സെന്റ് സ്ഥലം വാങ്ങുന്നത്. 2006ൽ നീതിന്യായവകുപ്പിന് കൈമാറി. 2007-08 വർഷത്തെ ബജറ്റിൽ കെട്ടിടത്തിന് 80 ലക്ഷം അനുവദിച്ചു. തുക കുറവായതിനാൽ കെട്ടിടംപണി നടന്നില്ല.
2010-11 വർഷം കാട്ടാക്കട ബാർ അസോസിയേഷന്റെ ഇടപെടലിൽ പുതിയ എസ്റ്റിമേറ്റ് എടുത്ത് 3.10 കോടി അനുവദിച്ചു. എന്നാൽ ഇല്ലാത്ത കോടതികൾക്ക് എന്തിനാണ് ആറുനില മന്ദിരമെന്ന ധനവകുപ്പിന്റെ ഇടങ്കോലിടലിൽ കെട്ടിടം രണ്ടുനിലകളിൽ ചുരുങ്ങുകയായിരുന്നു.
താലൂക്ക് ആസ്ഥാനം എന്ന നിലയിൽ സബ്, മുൻസിഫ് കോടതികൾ, എം.എ.സി.ടി കോടതി, കുടുംബകോടതി എന്നിവ കൂടി ഇവിടേക്ക് എത്തിയേക്കും.
ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മന്ദിരനിർമാണത്തിനായി സാങ്കേതികാനുമതി ലഭിച്ചാലുടൻ കരാർ നടപടികളിലേക്ക് നീങ്ങും. ജുഡീഷ്യൽ ഓഫിസർമാരുടെ താമസസ്ഥലം ഉൾപ്പെടെയാണ് പുതിയ നാലുനിലകളുടെ നിർമാണം. കാട്ടാക്കടയിലെ ബഹുനില കോടതി മന്ദിരത്തിനായി 15 വർഷത്തിലേറെ നീണ്ട കാത്തിരിപ്പാണ്.
അസൗകര്യങ്ങളിലുഴലുന്ന പോക്സോ കോടതിയും ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയും സ്വന്തം കെട്ടിടത്തിലേക്ക് മാറിയാല്‍ കാട്ടാക്കട പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകും.
നിലവിൽ കോടതിദിവസങ്ങളില് കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോ ജങ്ഷനും പഞ്ചായത്ത് ഓഫിസ് ജങ്ഷനും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. കോടതികളില്‍ വരുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ ഏറെ നേരം അലയേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.