വനഭൂമിയല്ലെന്ന് തെളിയിക്കാൻ നെട്ടോട്ടം
text_fieldsകാട്ടാക്കട: തെക്കന്‍ മലയോര മേഖലയിലെ റവന്യൂ ഭൂമിയിലെ താമസക്കാര്‍ വനഭൂമിയിലല്ലെന്ന് തെളിയിക്കാനായി നെട്ടോട്ടത്തിൽ. കരുതൽ മേഖല റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ചതിനു പിന്നാലെ തലസ്ഥാനജില്ലയിലെ മലയോരമേഖലയിലെ താമസക്കാരും കര്‍ഷകരും ആശങ്കയിലാണ്.
ഭൂനികുതി അടക്കുന്ന വസ്തുവും അതില്‍ കെട്ടിടങ്ങളും ഉള്ളവര്‍ മൊബൈല്‍ ആപിലൂടെ അതു രേഖയായി നല്‍കാനായി പെടാപ്പാടുപെടുകയാണ്.കര്‍ഷകരെയും നാട്ടുകാരെയും സഹായിക്കുന്നതിനായി സംഘാടക സമിതികള്‍ രൂപവത്കരിക്കുകയും ഹെൽപ് ഡെസ്ക് ആരംഭിക്കുകയും ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകരാണ് സ്ഥലത്തെത്തി മൊബൈല്‍ ആപിലൂടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യുന്നത്. കരുതൽമേഖലയിൽ ഉള്‍പ്പെട്ട സ്ഥലത്തെത്തിയശേഷമാണ് ആപ്ലിക്കേഷന്‍ വഴി വിവരങ്ങൾ നല്‍കേണ്ടത്. എന്നാല്‍, മലയോരമേഖലയില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് മിക്ക കമ്പനികള്‍ക്കും തീരെ കുറവാണ്.
അടുത്തിടെയായി പലപ്പോഴും മൊബൈല്‍ഫോണ്‍ കാഴ്ചവസ്തുവായി തീര്‍ന്നിരിക്കുന്നു. സന്നദ്ധപ്രവര്ത്തകരെത്തുന്ന പലയിടങ്ങളിലും നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാൽ ഗ്രാമവാസികളെ സഹായിക്കാനാകാതെ മടങ്ങുന്നു. വീടുകള്‍ വെച്ച് താമസിക്കുന്നിടത്ത് മാത്രമാണ് ഈ സംഘമെത്തുന്നത്. കുറ്റിച്ചല്‍, കള്ളിക്കാട്, അമ്പൂരി, വിതുര പഞ്ചായത്തുകളിലെ കൃഷിഭൂമിയുള്ള നിരവധി ഭൂവുടമകള്‍ക്ക് കൃത്യമായി വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ല.
വിദേശത്തുള്ളവരും ഇതരസംസ്ഥാനത്തും മറ്റ് ജില്ലകളിലും താമസിക്കുന്ന നിരവധിപേര്‍ക്ക് തെക്കന്‍ മലയോര പഞ്ചായത്തുകളില്‍ കൃഷിഭൂമിയുണ്ട്. റബറാണ് ഇവിടത്തെ പ്രധാന കൃഷി, തെങ്ങുകളും മറ്റു നാണ്യവിളകളും കൃഷി ചെയ്തുകൊണ്ടിരുന്ന ഭൂവുടമകള്‍ വന്യമൃഗശല്യം കാരണം വര്‍ഷങ്ങളായി ഈ ഭൂമി തരിശിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.