കാട്ടുപോത്തുകൾ മുതൽ കാട്ടാനവരെ കൃഷിയിടങ്ങൾ താവളമാക്കി വന്യമൃഗങ്ങൾ
text_fieldsകാട്ടാക്കട: കാട്ടുപോത്തുകൾ മുതൽ കാട്ടാനകൾവരെ വനാതിർത്തികളിൽ താവളമുറപ്പിച്ചതോടെ കാട്ടാക്കട താലൂക്കിലെ മിക്ക സ്ഥലങ്ങളിലും കൃഷിയിറക്കാനാകാത്ത സ്ഥിതിയിൽ. അഗസ്ത്യവന താഴ്വാരത്തെ കോട്ടൂർ മുതൽ അമ്പൂരി ഉൾപ്പെടുന്ന വനാതിര്‍ത്തികളിലാണ് വന്യമൃഗശല്യം രൂക്ഷമായിരുന്നത്. ഇപ്പോള്‍ സമീപ പഞ്ചായത്തുകളിലും വന്യമൃഗശല്യമുണ്ട്. കുരങ്ങ്, കാട്ടുപന്നി, മാൻ, കേഴ, വേഴാമ്പൽ, മയിൽ എന്നിവയും ശല്യക്കാരായി മാറിയിട്ടുണ്ട്. കൂട്ടത്തോടെയെത്തുന്ന ഇവ കൃഷിയിടങ്ങളിൽ വിഹരിക്കുന്നത് പതിവുകാഴ്ചയാണ്.
കുറ്റിച്ചൽ പഞ്ചായത്തിൽ വന്യമൃഗശല്യം കാരണം കൃഷി നിർത്തിയ നിരവധി പേരുണ്ട്. വായ്പ എടുത്ത കർഷകർ തുടർച്ചയായ നഷ്ടം കാരണം ഇനി കൃഷിയിറക്കുന്നില്ലെന്ന് തീരുമാനിച്ചു. കോട്ടൂർ, കള്ളിയൽ, സ്വർണക്കോട്, മന്തിക്കളം, മുണ്ടൻചിറ, ശംഭുതാങ്ങി, വില്ലുചാരി, വ്ലാവെട്ടി, നെട്ടുകാൽത്തേരി, നെയ്യാർഡാം, മരകുന്നം, പെരുംകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം കർഷകരെ വലക്കുന്നു. കോട്ടൂർ വനവുമായി അതിരിടുന്ന പ്രദേശങ്ങളിൽ വന്യമൃഗശല്യം തടയാൻ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപവത്കരിച്ച് നിരവധി തവണ സമരം നടത്തിയിട്ടും പ്രശ്നം പരിഹരിക്കാനായിട്ടില്ല.
വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ വനംവകുപ്പിന്റെ സോളാർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉപയോഗമില്ലെന്ന് നാട്ടുകാർ പറയുന്നു. ആദിവാസികേന്ദ്രങ്ങളില്‍ കഷ്ടപ്പാടുകള്‍ക്കിടയിലും വന്യമൃഗശല്യം കൂടിയായതോടെ ദുരിതം വിവരണാതീതമാണ്. വനത്തിനുള്ളിലെ ആദിവാസികള്‍ കൃഷിചെയ്യുന്നത് കുറഞ്ഞു. ഓരോ വർഷവും വന്യമൃഗശല്യം മൂലമുണ്ടാകുന്ന നാശത്തിന്റെ കൃത്യമായ കണക്കുകൾ വനംവകുപ്പിനോ കൃഷി-റവന്യൂവകുപ്പുകൾക്കോ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.