ബസുകൾ കുറഞ്ഞു; മലയോര മേഖലയില്‍ യാത്രക്ലേശം
text_fieldsകാട്ടാക്കട: ബസുകളുടെ എണ്ണം കുറഞ്ഞതോടെ മലയോരമേഖലയില്‍ യാത്രക്ലേശം രൂക്ഷം. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന യാത്രക്കാര്‍ ബസ് കാത്ത് നിന്നും തിക്കിത്തിരിക്കിയും ദുരിതമനുഭവിക്കുന്നു.
ശബരിമല സീസണോട് അനുബന്ധിച്ച് കാട്ടാക്കട, ആര്യനാട്, വെള്ളനാട് മേഖലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബസുകള്‍ പ്രത്യേക സർവീസിനായി കൊണ്ടുപോയതോടെയാണ് യാത്രാക്ലേശം രൂക്ഷമായത്. മുന്നറിയിപ്പില്ലാതെ സർവിസുകൾ റദ്ദ് ചെയ്യുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. രാത്രിയായാൽ ബസില്ലാത്ത അവസ്ഥയാണ്. 64 ഷെഡ്യൂളുകൾ നടന്നിരുന്ന ഡിപ്പോയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സർവിസുകൾ പൂര്‍വ സ്ഥിതിയിലാക്കിയില്ല.
പല ഇടറോഡുകളിലും ഇപ്പോഴും സർവിസ് പുനരാരംഭിച്ചിട്ടില്ല. മലയോരമേഖലകളില്‍ ഇലക്ട്രിക് ബസുകളുടെ സര്‍വിസും ആരംഭിച്ചിട്ടില്ല. കണ്ടക്ടർമാരുടെ കുറവാണ് ഈ സർവിസുകൾക്ക് തടസ്സമാകുന്നതെന്ന് അധികൃതർ പറയുന്നു. സിറ്റി സർക്കുലർ സർവിസുകൾ ആരംഭിച്ചതോടെ കുറച്ചു കണ്ടക്ടർമാരെ നഗരത്തിലേക്ക് മാറ്റി.
സർവിസുകൾ കുറച്ചതോടെ രണ്ട് ബസില്‍ കയറേണ്ട യാത്രക്കാര്‍ ഒന്നില്‍ തിക്കിത്തിരക്കി കയറേണ്ട സ്ഥിതിയാണ്. രാവിലെയും വൈകുന്നേരങ്ങളിലാണ് തിരക്ക് കൂടുതൽ. ഡിപ്പോയില്‍നിന്ന് നിറയെ യാത്രക്കാരുമായി യാത്രതിരിക്കുന്നതിനാല് സ്റ്റോപ്പുകളില്‍ ബസ് കാത്ത് നില്‍ക്കുന്നവരും ബുദ്ധിമുട്ടിലായി. ഡിപ്പോയിയില്നിന്ന് രണ്ട് കിലോമീറ്റര്‍ വരെയുള്ള ബസ് സ്റ്റോപ്പുകളില്‍ യാത്രക്കാരെ കയറ്റാനായി ബസുകള്നിര്ത്തുന്നില്ലെന്ന പരാതിയും ശക്തമാണ്.
കാട്ടാക്കടയിലെ യാത്രാപ്രശ്നം പരിഹരിക്കാൻ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് യാത്രക്കാർ പരാതി നൽകി. കോട്ടൂര്‍, അമ്പൂരി, മായം, പൂഴനാട്, മണ്ഡപത്തിന്‍കടവ്, കുറ്റിച്ചല്‍ പ്രദേശത്തുനിന്നുള്ള യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.