മലയോര മേഖലയിൽ തീപിടിത്തം പതിവാകുന്നു
text_fieldsകാട്ടാക്കട: വേനല്‍ ശക്തമായതോടെ മലയോരമേഖലകളിലെ പ്ലാന്റേഷനുകളിലും പുരയിടങ്ങളിലും തീപിടിക്കുന്നത് പതിവാകുന്നു. കാട്ടാക്കട അഗ്നിരക്ഷാ സേന യൂനിറ്റ് ഈവര്‍ഷം തീകെടുത്താന്‍ വിളിച്ചത് 38 ഇടത്താണ്. അതില്‍ 20ൽ ഏറെയും പ്ലാന്റേഷനുകളിലും പുരയിടങ്ങളിലും കെടുത്താനായിരുന്നു. നെയ്യാര്‍ഡാം അഗ്നിരക്ഷാസേന യൂനിറ്റ് ഈവര്‍ഷം പത്തോളം സ്ഥലത്താണ് തീകെടുത്താനായി പോയത്. കുറ്റിച്ചല്‍, അമ്പൂരി, കള്ളിക്കാട്, പഞ്ചായത്തു പ്രദേശത്താണ്കൂടുതലായി തീപിടിത്തം ഉണ്ടാകാറുള്ളത്.
ഉച്ചയോടെ ആണ് എസ്റ്റേറ്റില്‍ തീപടര്‍ന്നുപിടിച്ചത്. കാട്ടാക്കടയിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേന മണിക്കൂറുകൾ നേരത്തെ പരിശ്രമം നടത്തി തീ നിയന്ത്രണ വിധേയമാക്കി. ഒരേക്കറോളം സ്ഥലത്ത് തീ പടർന്നു നിരവധി മരങ്ങള്‍ കത്തിനശിച്ചു
അഗസ്ത്യമലയിലും നെയ്യാര്‍ വനത്തിലും തീപിടുത്തം വ്യാപകം
കാട്ടാക്കട: അഗസ്ത്യമലയിലും നെയ്യാര്‍ വനത്തിലും വര്‍ഷം തോറും കത്തിയമരുന്നത് ഹെക്ടര്‍കണക്കിന് വനഭൂമി. ഡിസംബര്‍ അവസാന വാരം മുതല്‍ മാര്‍ച്ച് വരെയാണ് പൊതുവെ കാട് കത്തുന്നതെന്നാണ് വനംവകുപ്പിന്റെ കണക്ക്. എന്നാല്‍, ഇക്കുറി ഫെബ്രുവരി പകുതിയോടെ വേനലിന്റെ കാഠിന്യം ഏറി. എന്നാല്‍, ഇക്കുറി നെയ്യാര്‍ -പേപ്പാറ -അഗസ്ത്യവനങ്ങളിലൊന്നും കാട്ടുതീപിടിച്ചതായി റിപ്പോര്ട്ടുണ്ടായില്ല എന്നാല്‍, ഉള്‍വനങ്ങളില്‍ വര്‍ഷം തോറും ഹെക്ടര്‍ കണക്കിന് വനഭൂമി കത്തിനശിക്കാറുണ്ടെന്നാണ് വിവരം. എന്നാല്‍, ഇതൊന്നും അധികമായി പുറം ലോകമറിയാറില്ല. മുന്‍കാലങ്ങളില്‍ ദിവസങ്ങളോളം തീപടര്ന്നുനിന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കാട്ടുതീ പിടിക്കാതിരിക്കാന്‍ ഫയര്‍ ലെയിന്‍ തെളിയിക്കലും കാട്ടുപാതകളും തീപിടിക്കാന്‍ സാധ്യതയുള്ള വനമേഖലയും മുന്‍കൂട്ടി തീയിട്ട് അപകടം ഒഴിവാക്കുകയുമാണു ചെയ്യുന്നത്. എന്നാല്‍, ഇതൊന്നും കാര്യമായി നടക്കുന്നില്ലെന്നാണ് വിവരം. കാട് ഉണങ്ങിയതും വനത്തിലെ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതുമാകാം വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേക്ക് ഇപ്പോള്‍ കൂടുതലായി ഇറങ്ങുന്നതിനു കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.പുല്‍മേടുകളിലും ഉള്‍വനങ്ങളിലും വര്‍ഷതോറും ഹെക്ടര്‍കണക്കിന് വനഭൂമി കത്തുന്നതായി വനപാലകര്‍ തന്നെ സമ്മതിക്കുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ക്ലാമല ബീറ്റ്, കോട്ടൂര്‍ പ്രദേശങ്ങളിലുണ്ടാകാറുള്ള തീപിടിത്തങ്ങള്‍ പുറത്തറിയുകയും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ കെടുത്താറുമുണ്ട്. വനത്തിലെ തീകെടുത്തല്‍ നിലവില്‍ അഗ്നിരക്ഷാ സേനക്ക് കീറാമുട്ടിയാണ്.
വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ മാത്രമാണ് അഗ്നിരക്ഷാ സേനക്ക് വനത്തിനുള്ളില്‍ തീകെടുത്താനാകുന്നത്. മറ്റിടങ്ങളില്‍ ഫയര്വാച്ചര്മാര് തന്നെ നാടന്‍ വിദ്യ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കുന്നത്. കാട്ടില്‍ തീപിടിക്കുമ്പോള്‍ സാധാരണയായി പലപ്പോഴും വേനല്‍മഴയാണ് തുണയാകുന്നത്. തീകത്തുമ്പോള്‍ ഉഗ്രമായകാറ്റുവീശാത്തതും കാരണം തീ പടര്ന്നുപിടിക്കാതിരിക്കുന്നു. എന്നാല്‍, വേനൽക്കാലത്ത് ശക്തമായ കാറ്റുണ്ടാകാറില്ലെന്നാണ് ആദിവാസികള്‍ പറയുന്നത്. ആദിവാസികള്‍ക്കിടയിലെ അജ്ഞതയും ആദിവാസികളുടെ സഞ്ചാര പാതകളിൽ വേനല്‍ക്കാലത്ത് തീപടര്ന്നുപിടിക്കാതിരിക്കാന് ശക്തമായ മുന്‍കരുതലുകള്‍ ഇല്ലാത്തതുമാണ് കാട്ടീല്‍ തീ പിടിക്കുന്നതിന് ഇടയാക്കുന്നത്.
ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള വേനല്‍ക്കാലത്ത് വനത്തിലെ കാട്ടുതീ തടയുന്നതിനായി പ്രത്യേക സുരക്ഷാ വിഭാഗത്തെ നിയോഗിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇപ്പോഴും ആവശ്യമായിതന്നെ നില്ക്കുന്നു. വേനല്‍ക്കാലത്ത് കാട്ടുതീ പിടിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോലും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്വനങ്ങൾ സന്ദര്‍ശിക്കാറില്ല, വാഹനങ്ങള്‍ എത്തുന്നതുവരെ സന്ദർശിച്ച ഷേഷം മടങ്ങുകയാണ് പതിവെന്നും ആദിവാസിമേഖലയില്‍നിന്ന് പുറം നാട്ടിലെത്തുന്നവര്‍ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.