നെയ്യാര്‍ ജലസംഭരണിയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു
text_fieldsകാട്ടാക്കട: രണ്ടാഴ്ചയിലേറെയായി നെയ്യാര്‍ ജലസംഭരണിയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചെങ്കിലും വനം-ഫിഷറീസ് വകുപ്പ് അധികൃതര്‍ പ്രാഥമിക പരിശോധന നടത്തിയതല്ലാതെ പരിഹാര നടപടികളൊന്നും സ്വീകരിച്ചില്ല. കാളിപാറ ശുദ്ധജല പദ്ധതിക്കുള്‍പ്പടെ ഇവിടെനിന്നാണ് വെള്ളമെത്തിക്കുന്നത്.
വിഷയം ഉന്നയിച്ച നാട്ടുകാരോട് ഉദ്യോഗസ്ഥര്‍ ഓണാവധിയിലാണെന്ന മറുപടിയാണ് അധികൃതരിൽനിന്ന് ലഭിച്ചത്. പരാതി ശക്തമായതോടെയാണ് വനം-ഫിഷറീസ് വകുപ്പ് അധികൃതര്‍ വെള്ളിയാഴ്ച നെയ്യാര്‍ ജലസംഭരണിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വെള്ളവും ചത്ത മീനുകളും പരിശോധിക്കുകയും സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കുകയും ചെയ്തത്.
കരിമീന്‍, പള്ളത്തി ഇനത്തിൽപെട്ട മത്സ്യങ്ങളാണ് കൂടുതലായി ചത്തതെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു. ജലസംഭരണിയിലെ കുമ്പിച്ചല്‍ കടവിലാണ് മത്സ്യങ്ങള്‍ ചത്തത് ആദ്യം കണ്ടെത്തിയത്. പിന്നീട് പന്ത, പുട്ടുകല്ല്, മായം, ഭാഗങ്ങളിലും മീനുകള്‍ വലിയതോതില്‍ ചത്തനിലയില്‍ കണ്ടെത്തി. ഇതോടെ നെയ്യാറിലും സംഭരണിയുടെ തീരങ്ങളില്‍ താമസിക്കുന്നവരും ആശങ്കയിലായി. മത്സ്യങ്ങള്‍ ചാകുന്നത് വെള്ളം മലിനമാകുന്നതുകൊണ്ടാണോ, ജലാശയത്തില്‍ വിഷാംശം കലര്‍ന്നതുകൊണ്ടാണോ എന്നൊക്കെയുള്ള സംശയത്തിലാണ് നാട്ടുകാർ.
നെയ്യാര്‍ ജലസംഭരണിയോട് ചേര്‍ന്ന റിസോര്‍ട്ടുകളിലെയും മറ്റും സെപ്റ്റിക് മാലിന്യം ഉള്‍പ്പെടെ ജലസംഭരണിയിലേക്ക് തുറന്നുവിടുന്നെന്ന സംശയവും അധികൃതര്‍ക്കുണ്ട്. മത്സ്യങ്ങള്‍ കൂടുതലായി ചാകുന്ന പന്തഭാഗത്ത് വെള്ളത്തിന് നിറവ്യത്യാസവും ദുര്ഗന്ധവുമുള്ളതായി പരിസരവാസികള്‍ പറയുന്നു. കാല് നൂറ്റാണ്ടിലേറെയായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നെയ്യാർ ഡാമില്‍ നിരവധി തവണ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു.
എന്നാല്‍ ഒരിക്കല്‍ പോലും മീനുകളെ പിടികൂടിയിട്ടില്ല. അനധികൃത മത്സ്യബന്ധനം മാത്രമേ നടക്കാറുള്ളൂ. തോട്ട പ്രയോഗത്തിലൂടെയും വലവിരിച്ചുമൊക്കെ മത്സ്യബന്ധനം നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള മീന്പിടിത്തക്കാരില്നിന്നുണ്ടായ വിഷപ്രയോഗമാണോ മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്നും സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.