പാറക്വാറിയിൽ ഒളിപ്പിച്ച 60 കിലോ കഞ്ചാവ് പിടികൂടി
text_fieldsകാട്ടാക്കട: അന്തിയൂര്കോണത്തിനടുത്ത് മൂങ്ങോടുനിന്ന് എക്സൈസ് സംഘം 60 കിലോ കഞ്ചാവ് പിടികൂടി. മൂങ്ങോട് സ്വദേശി അനൂപിനെ അറസ്റ്റ് ചെയ്തു. മൂങ്ങോടിനടുത്തുള്ള പാറക്വാറിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
വെള്ളിയാഴ്ച പേയാട് പിറയിൽ അനീഷിെൻറ വീട്ടിൽനിന്ന് 187 കിലോ കഞ്ചാവ് കണ്ടെടുക്കുകയും അനീഷ്, കൂട്ടാളി സജി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതപ്പെടുത്തുകയും ചെയ്തിരുന്നു. അനീഷ് ആന്ധ്രാപ്രദേശിലെ തുണി എന്ന സ്ഥലത്ത് താമസിച്ച് വി.ആർ.എൽ പാർസൽ കൊറിയർ വഴി കഞ്ചാവ് കരമനയിലെത്തിച്ച് ഇവിടെനിന്ന് നാലുപേർ ഓട്ടോറിക്ഷയിൽ കടത്തിയിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് അനു എന്ന അനൂപിനെ സംഘം പിടികൂടിയിരുന്നു.
പാർസൽ സർവിസ് കേന്ദ്രത്തിൽനിന്ന് അനൂപാണ് കഞ്ചാവ് പാക്കറ്റുകൾ അനീഷിെൻറ വീട്ടിലെത്തിച്ചതെന്ന് മൊഴി നൽകുകയും ക്വാറിയിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുള്ളത് വെളിപ്പെടുത്തുകയും ചെയ്തതായി എക്സൈസ് പറഞ്ഞു. തുടർന്നുള്ള പരിശോധനയിലാണ് ഇവിടെനിന്ന് 60 കിലോ കഞ്ചാവ് കണ്ടെടുത്തത്.
എക്സൈസ് കമീഷണറുടെ ദക്ഷിണ മേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ എക്സൈസ് കമീഷണർ സ്ക്വാഡ് ടീമംഗങ്ങളും, നെയ്യാറ്റിൻകര എക്സൈസ് സർക്കിളും സംഘവുമാണ് പേയാട് പിറയിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്. തുടരന്വേഷണത്തിെൻറ ഭാഗമായി ചൊവാഴ്ച രാത്രിയോടെ കഞ്ചാവ് കണ്ടെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം അസിസ്റ്റൻറ് എക്സൈസ് കമീഷണർ വിനോദ് കുമാർ, എക്സൈസ് കമീഷണർ സ്ക്വാഡ് തലവൻ ആർ. രാജേഷ്, സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് റാവു, ഇൻസ്പെക്ടർ ആദർശ്, അജയകുമാർ, പ്രിവൻറീവ് ഓഫിസർ ഗ്രേഡ് പ്രകാശ്, സിവിൽ എക്സൈസ് ഓഫിസർമാരായ നജിമുദീൻ, ശിവൻ എന്നിവരും നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറും കാട്ടാക്കട എക്സൈസ് റേഞ്ച് സംഘവും പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.