സർക്കാർ കെട്ടിടം കാട്ടാക്കടയിലെ മാലിന്യകേന്ദ്രം
text_fieldsകാട്ടാക്കട: ജങ്ഷനില്‍ നെയ്യാറ്റിൻകര- തിരുവനന്തപുരം റോഡുകൾക്കിടയിലായി നിർമാണം പാതിവഴിയിലായ സർക്കാർ കെട്ടിടം മാലിന്യ നിക്ഷേപ കേന്ദ്രമായി. പഞ്ചായത്തിന് സാംസ്കാരിക നിലയത്തിനായി പണിതുടങ്ങിയ കെട്ടിടത്തിലാണ് പട്ടണത്തിലെ മാലിന്യം തള്ളുന്നത്.
1995ൽ പഞ്ചായത്ത് ഫണ്ടിൽനിന്നും നാലു ലക്ഷം രൂപ ചെലവിട്ടാണ് റോഡരികിലെ പുറമ്പോക്ക് ഭൂമിയിൽ കെട്ടിടം പണി തുടങ്ങിയത്. 850 ച. മീ. വിസ്തൃതിയിൽ രണ്ടു നിലകളിലായി മാവേലി സ്റ്റോറിനും ലൈബ്രറി- സാംസ്കാരിക കേന്ദ്രം എന്നിവക്കാണ് കെട്ടിടം പണി തുടങ്ങിയത്.
രണ്ടുനിലകൾ പൂർത്തിയായതിന് പിന്നാലെ ഭൂമിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത്, റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുമായി തർക്കം ഉണ്ടായി. ഇതോടെ കെട്ടിടം പണി നിലച്ചു. തർക്കം പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രമിക്കാതായപ്പോൾ കെട്ടിടം ഉപേക്ഷിച്ചു.
ഇപ്പോൾ കെട്ടിടം ഒന്നിനും കൊള്ളാത്ത അവസ്ഥയിലാണ്. സന്ധ്യ കഴിഞ്ഞാല്‍ സാമൂഹികവിരുദ്ധരുടെ സങ്കേതമാണ് കെട്ടിടം. ലഹരി വില്‍പന മുതല്‍ സംഭരണം വരെ ഇവിടെയാണ്. താഴത്തെ നില പൂർണമായും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയതോടെയാണ് ലഹരിസംഘങ്ങളുട കേന്ദ്രമായത്.
ചാക്കിൽ കെട്ടിയും അല്ലാതെയും ഉപേക്ഷിച്ച വലിയ അളവിലുള്ള മാലിന്യം കെട്ടിക്കിടക്കുന്നു. ഇതിൽ മഴവെള്ളം കയറി അഴുകിയതോടെ മൂക്കുപൊത്താതെ ഇതുവഴി നടക്കാനാകില്ല. ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടത്തിന്‍റെ അവസ്ഥക്ക് മാറ്റം വരുത്താന്‍ ജനപ്രതിനിധികൾ ഇടപെടാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.