ആനകൾക്കായി ആശുപത്രി തയാർ
text_fieldsകാട്ടാക്കട: ആനകളുടെ ചികിത്സക്കായി സംസ്ഥാനത്തെ ആദ്യ ആശുപത്രി അഗസ്ത്യവനത്തിലെ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തില്‍ സജ്ജം.
അന്തർദേശീയ നിലവാരത്തിലുള്ള കാപ്പുകാട് ആന സങ്കേത കേന്ദ്രത്തിനുള്ളില്‍ ആധുനിക സംവിധാനത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ആശുപത്രി. ആനകളുടെ പുനരധിവാസവും സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സഞ്ചാരികള്‍ക്ക് ആനകളെ അടുത്ത് കാണുന്നതിനുള്ള അവസരവും ലക്ഷ്യമിട്ട് തുടങ്ങിയ പാർക്കിനുള്ളിൽ ആനകളെ കിടത്തിചികിത്സിക്കാനുള്ള വാര്‍ഡ്, ലബോറട്ടറി, ഓപറേഷൻ തിയറ്റർ, ഇണചേരുന്നതിനുള്ള സൗകര്യം, എക്സ്റേ, സ്കാനിങ്, പി.സി.ആര് ലാബ് ഉള്‍പ്പെടെയുള്ള ചികിത്സാസംവിധാനങ്ങളുണ്ടാകും.
ആദ്യ ഘട്ടമായി പരിശോധനക്ക് വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ സേവനമാണുള്ളത്. ഉടന്‍ കൂടുതല്‍ ജീവനക്കാരോടുകൂടി ആശുപത്രി പൂര്‍ണസജ്ജമാകുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പാര്‍ക്കിലെ ആനകള്‍ക്ക് മാത്രമായിക്കും ചികിത്സ. പിന്നീട് നാട്ടാനകള്‍ക്കും ചികിത്സ ലഭ്യമാക്കും.
അഗസ്ത്യവനത്തിലെ കാപ്പുകാട് 2008 ലാണ് ആന പുനരധിവാസ കേന്ദ്രം ആരംഭിച്ചത്. നെയ്യാര്‍ ജലാശയത്തിനടുത്തുള്ള വനമേഖലയില്‍ 175 ഹെക്ടര്‍ സ്ഥലത്ത് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ പാര്‍പ്പിക്കാനുള്ള സൗകര്യമാണുള്ളത്.
കാട്ടിൽ കൂട്ടംതെറ്റി കിട്ടുന്ന കുട്ടി ആനകൾ, ജനവാസ മേഖലകളിലിറങ്ങി സ്ഥിരമായി നാശം വരുത്തുന്ന കാട്ടാനകൾ, ആനക്യാമ്പുകളിലെ പ്രായം ചെന്ന ആനകൾ, മനുഷ്യന്റെ ക്രൂരതക്ക് ഇരയാകുന്ന നാട്ടാനകൾ എന്നിവയാണ് ഇപ്പോള്‍ ഇവിടുള്ളത്. വിവിധ പ്രായത്തിലുള്ള ആകെ 16 ആനകൾ ആന പുനരധിവാസ കേന്ദ്രത്തിലിപ്പോഴുണ്ട്. 50 ആനകളെ പാർപ്പിക്കാവുന്ന സൗകര്യങ്ങളോടെ കേന്ദ്രം വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്.
ആനകളെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പരിപാലിക്കുന്നതിനും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും ഒപ്പം മനുഷ്യർക്ക് കാടിന്റെ പശ്ചാത്തലത്തിൽ ഇവയെ കാണുന്നതിനുമുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്. നെയ്യാർ ജലാശയത്തിൽ കൂട്ടത്തോടെ കുളിക്കുന്ന ആനകളെ റസ്റ്റാറന്റിൽ ഇരുന്ന് സന്ദർശകർക്ക് കാണാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.