തോക്ക് ചൂണ്ടി വീട്ടമ്മയുടെ കമ്മൽ തട്ടിയെടുത്ത സംഭവം; ഒരാഴ്ചയായിട്ടും പ്രതിയെ കണ്ടെത്താനായില്ല
text_fieldsകാട്ടാക്കട: പട്ടാപ്പകല്‍ തോക്ക് ചൂണ്ടി ബധിരയും മൂകയുമായ വീട്ടമ്മയുടെ കമ്മൽ തട്ടിയെടുത്ത സംഭവത്തിൽ ഒരാഴ്ചയായിട്ടും തുമ്പുകിട്ടിയില്ല, പ്രതിയെ കണ്ടെത്താനായി രേഖാചിത്രം തയാറാക്കി പൊലീസ്.
സംഭവദിവസം രാവിലെ കവർച്ച നടന്ന വീട്ടിൽ താമസക്കാരനായ രതീഷിെൻറ പേരുപറഞ്ഞ് വീട് അന്വേഷിച്ചെത്തിയ ആളാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇതിെൻറ അടിസ്ഥാനത്തിൽ ഇയാൾ വഴിചോദിച്ച വീടുടമയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇവരിൽ നിന്നാണ് ഏകദേശരൂപം ഇപ്പോൾ തയാറാക്കിയിരിക്കുന്നത്. ഇത് വീട്ടുകാരെ കാണിച്ച് ആളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് നടത്തുന്നു. ഒപ്പം രേഖ ചിത്രം പുറത്തുവിട്ട് ആളെ കണ്ടെത്താനും ശ്രമം ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാവിലെ കാട്ടാക്കട മുതിയാവിള കളിയാകോട് ശാലോം നിവാസിൽ വാടകക്ക് താമസിക്കുന്ന രതീഷിന്റെ ഭാര്യാ മാതാവും ബധിരയും മൂകയുമായ കുമാരി(56)യെ മർദിച്ച് തോക്കുചൂണ്ടി കമ്മൽ ഊരി വാങ്ങിയാണ് കള്ളൻ കടന്നത്. സംഭവത്തിനുശേഷം കാട്ടാക്കട പൊലീസ് സ്‌പെഷൽ സ്‌കൂൾ അധ്യാപികയുടെ സഹായത്തോടെ കുമാരിയിൽ നിന്നും മൊഴിയെടുത്തിരുന്നു.
മുഖംമൂടിയും കൈയുറയും ധരിച്ച കള്ളൻ തോക്ക് ചൂണ്ടി തന്നെ ആക്രമിച്ച് കമ്മലുമായി കടന്നു എന്നാണ് കുമാരിയുടെ മൊഴി. എന്നാൽ, കറുത്ത കൈയുറ തോക്കുപോലെ ചൂണ്ടിയതാകാമെന്ന് പൊലീസ് പറയുമ്പോൾ തന്റെയടുത്തുവന്ന മോഷ്ടാവിന്റെ കൈയിൽ തോക്ക് ഉണ്ടായിരുന്നതായി കുമാരി ഉറപ്പിച്ചുപറയുന്നു.
ജില്ലയിൽ ഇത്തരത്തിൽ ഒരു ആക്രമണവും മോഷണവും കണ്ടു പരിചയമില്ലാത്ത പൊലീസ് സ്ഥിരം കള്ളന്മാരുടെ പട്ടികയിലും രീതിയിലും പെടാത്ത കേസ് എന്ന നിലക്കും ആകെ വെട്ടിലായി. പതിവ് രീതികളിൽ നിന്നും വ്യത്യസ്ഥമായി പകൽ സമയം മുഖമൂടി ധരിച്ച് വീടുകയറി ആക്രമണം നടത്തിയ രീതിയാണ് പൊലീസിനെ വെട്ടിലാക്കിയത്. വീട്ടുകാരെ പരിചയമുള്ള ആളോ പ്രദേശത്തുള്ള ആളോ ആകാമെന്ന സംശയത്തിൽ പൊലീസ് മുന്നോട്ടു അന്വേഷണം നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.