അനധികൃത പാർക്കിങ്ങും റോഡ് കൈയേറ്റവും; ഗതാഗതക്കുരുക്കിലമർന്ന് കാട്ടാക്കട
text_fieldsകാട്ടാക്കട: അനധികൃത വാഹന പാർക്കിങ്ങും റോഡ് കൈയേറിയുള്ള കച്ചവടവും കാട്ടാക്കട പട്ടണത്തിലൂടെയുള്ള യാത്ര ദുഷ്കരമാക്കുന്നു. ബുധനാഴ്ച സ്കൂളുകള്‍ തുറക്കുന്നതോടെ സ്ഥിതി അതിരൂക്ഷമാകും.
നിയമലംഘനത്തിന് പൊലീസ് പിടികൂടുന്ന ബസുകള്‍, മണ്ണുമാന്തി യന്ത്രങ്ങള്‍, ലോറികള്‍ എന്നിവ സ്റ്റേഷന് മുന്നിലെ റോഡിലാണ് നിർത്തിയിട്ടിരിക്കുന്നത്. ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. നെയ്യാര്‍ഡാം റോഡില്‍ സ്കൂളുകളും കോളജുകളും ഉൾപ്പെടെ നിരവധി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. റോഡരികില്‍ അനധികൃത പാര്‍ക്കിങ്ങുകൂടിയാകുമ്പോൾ നടയാത്രപോലും ഇവിടെ ദുസ്സഹമാണ്.
പൂവച്ചല്‍-കാട്ടാക്കട പഞ്ചായത്ത് പ്രദേശത്ത് പ്രധാന റോഡുകള്‍ കൈയേറി നിരവധി കച്ചവട കേന്ദ്രങ്ങളാണ് ഉയരുന്നത്. റോഡ് കൈയേറി ഷെഡുകള്‍ നിർമിച്ച് ദിവസം വാടക ഈടാക്കി ബിസിനസ് നടത്തുന്ന സംഘങ്ങളുമുണ്ട്. തട്ടുകടകള്‍ മുതൽ വസ്ത്രവ്യാപാരം വരെയുള്ള കച്ചവടങ്ങള്‍ക്ക് റോഡുവക്കില്‍ സ്ഥിരം നിർമാണങ്ങള്‍ നടത്തിയിട്ടും അധികൃതര്‍ അനങ്ങുന്നില്ല. രണ്ട് മാസത്തിനിടെ കാട്ടാക്കട, പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പ്രധാന റോഡുകളില്‍ നിരവധി ഷെഡുകളാണ് ഇത്തരത്തിൽ നിർമിച്ചിരിക്കുന്നത്.
കാട്ടാക്കടനിന്നുള്ള നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നെയ്യാര്‍ഡാം, കോട്ടൂര്‍ റോഡുകളില്‍ വന്‍തോതിലാണ് കൈയേറ്റം. അടുത്തിടെ നവീകരിച്ച ഓടകള്‍ക്ക് മീതെ പാകിയ സ്ലാബുകള്‍പോലും വ്യാപാരികള്‍ കൈയേറി. കാട്ടാക്കട പെട്രോള്‍ പമ്പ് മുതല്‍ ചന്ത ജങ്ഷന്‍വരെ റോഡിന്‍റെ ഭൂരിഭാഗവും അനധികൃത കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞു. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു.
നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ച് റോഡിനുവേണ്ടി ഏറ്റെടുത്ത ഭൂമിയും കൈയേറി തുടങ്ങി. കാട്ടാക്കട ക്രിസ്ത്യൻ കോളജ് ജങ്ഷന്‍ മാര്‍ക്കറ്റ് റോഡാണ് വഴിവാണിഭത്തിന്‍റെ പേരില്‍ ഒരുസംഘം കൈയേറി തുടങ്ങിയത്. വഴിയോര കച്ചവടത്തിനായി കൈയേറിയ ഭൂമിയില്‍ ഇപ്പോള്‍ സ്ഥിരം കെട്ടിടം നിർമിച്ചുകഴിഞ്ഞു.
പൊലീസ് പിടികൂടുന്ന വാഹനങ്ങള്‍ തിരക്കേറിയ റോഡുവക്കുകളില്‍ പാര്‍ക്ക് ചെയ്യാതെ സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലോ സ്റ്റേഷനുള്ളിലെ പറമ്പിലോ സൂക്ഷിക്കാൻ സംവിധാനമൊരുക്കണമെന്നും ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.