ജീവനെടുത്ത് അമിത വേഗം; കള്ളിക്കാട്-ആര്യനാട് റോഡിൽ അപകടം വർധിക്കുന്നു
text_fieldsകാട്ടാക്കട: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി ചീറിപ്പായുന്ന വാഹനങ്ങൾ, പരമാവധി ലോഡുകള്‍ കയറ്റാനായി മരണപ്പാച്ചില്‍ നടത്തുന്ന ലോറികള്‍, സമൂഹമാധ്യമങ്ങളിൽ റീല്സിടാനായി ആഡംബര ബൈക്കുകളില്‍ ശരവേഗത്തില്‍ പായുന്നവര്‍... കുറ്റിച്ചല്‍, കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളിലൂടെ സാധാരണക്കാര്‍ക്ക് റോഡിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥിതി. കഴിഞ്ഞ മൂന്ന്മാസത്തിനിടെ കള്ളിക്കാട്- ആര്യനാട് റോഡില്‍ വാഹനാപകടത്തില്‍ ആറ് പേരുടെ ജീവനാണ് പൊലിഞ്ഞത്.
വ്യാഴാഴ്ച വൈകീട്ട് കുറ്റിച്ചല്‍ ജങ്ഷനിലെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി റോഡിലിറങ്ങിയ രണ്ടുപേരെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തി.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിച്ചല്‍ കുഴിയംകോണം സ്വദേശി ഷാജഹാന് ഇന്നലെ മരണത്തിന് കീഴടങ്ങി. ഒരാഴ്ച മുമ്പാണ് കഞ്ചാവുമായി അമിതവേഗത്തില്‍ പാഞ്ഞ ബൈക്ക് എതിരെ വന്ന സ്കൂട്ടറിലിടിച്ച് ലോഡിങ് തൊഴിലാളി കുറ്റിച്ചൽ മൈലമൂട് വീട്ടില്‍ രാജു മരിച്ചത്.
ഒരുമാസം മുമ്പ് മകളോടൊപ്പം സ്കൂളിലേക്ക് സ്കൂട്ടറിൽ പോയ അധ്യാപിക ആര്യനാട് ചാങ്ങ സ്വദേശി എസ്. അഭിരാമിക്ക് തേവന്കോടിനടുത്ത് അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടത്.
ലോട്ടറി വില്പനക്കാരന് കുറ്റിച്ചല്‍ പരുത്തിപ്പള്ളി തുമ്പോട്ടുകോണത്ത് ലക്ഷ്മിഭവനില്‍ ചന്ദ്രബാബു പരുത്തിപ്പള്ളിയില്‍ റോഡപകടത്തില്‍ മരിച്ചിട്ടും അധിക ദിവസമായില്ല. അഭിരാമിയുടെ മകള്‍ അര്‍പ്പിത ഉള്‍പ്പെടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ നിരവധിയാണ്.
ഒരുകാലത്ത് വ്യാജവാറ്റിനും വില്പനക്കും പേരുകേട്ട മലവിള, ആര്യനാട് പ്രദേശത്തെ യുവാക്കളിന്ന് ലഹരി കടത്തിന്റെ പ്രധാന വാഹകരാണ്. തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും ലഹരിയുമായി ബൈക്കുകള്‍ രാവിലെയും രാത്രിയും പായുന്നത് പതിവാണ്. ലഹരിയുമായി പോകുന്ന ബൈക്കുകള്‍ റോഡിലെ മറ്റ് യാത്രക്കാരെ നോക്കുകപോലും ചെയ്യാറില്ല. റോഡ് നിയമങ്ങളൊക്കെ കാറ്റില്‍ പറത്തിയാണ് സഞ്ചാരം. റോഡില്‍ അഭ്യാസം നടത്തുന്ന രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനായി ശരവേഗത്തില്‍ ഓടുന്ന ബൈക്കുകളും വരുത്തിവെക്കുന്ന അപകടങ്ങളേറെയാണ്.
കുറ്റിച്ചല്‍ മലവിളയിലുള്ള ക്വാറിയില്‍ നിന്നും കൂറ്റന്‍ ലോറികളില്‍ കരിങ്കല്ലുമായി പായുന്ന വാഹനങ്ങള്‍ വരുത്തുന്ന അപകടങ്ങളും ദിനവും കൂടിവരുകയാണ്. പരമാവധി ലോഡ് കയറ്റിത്തീര്ക്കാനുള്ള തിടുക്കത്തിലാണ് ലോറി ഡ്രൈവര്‍മാര്‍. വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് ലോറികളാണ് ലോഡുമായി പോകുന്നത്.
ജീവൻ നഷ്ടപ്പെട്ടും അംഗവൈകല്യം സംഭവിച്ചും കുറ്റിച്ചല്‍ പ്രദേശത്ത് അപകടങ്ങള്‍ തുടര്‍ സംഭവങ്ങളായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
കുറ്റിച്ചല്‍-കള്ളിക്കാട് റോഡില്‍ അപകടം പതിയിരിക്കുന്ന പ്രദേശങ്ങളും ഏറെയാണ്. പരുത്തിപ്പള്ളി ആശുപത്രി ജങ്ഷന്, കുറ്റിച്ചല്‍ ജങ്ഷന്, തേവന്‍കോട് കനാല്നട, തേമ്പാമൂട് വളവ് എന്നിവിടങ്ങളിലാണ് പ്രധാന അപകട കേന്ദ്രങ്ങള്‍.
റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തിലാക്കിയെങ്കിലും നെയ്യാര്‍ കനാലിനുകുറുകെ തേവന്‍കോട് നിലവിലുള്ള പാലം മൂന്ന് ദശാംബ്ദം മുമ്പ് നിര്‍മിച്ചതു തന്നെയാണ്. വീതിയുള്ള റോഡിലൂടെ യാത്രചെയ്ത് വരുമ്പോള്‍ മുന്നില്‍ കനാല്‍ കാണുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടുന്നതും വെട്ടിത്തിരിക്കുന്നതുമൊക്കെയാണ് അപകടത്തിന് പ്രധാന കാരണം.
പരുത്തിപ്പള്ളി ആശുപത്രി ജങ്ഷനില്‍ നിന്നും ആശുപത്രിയിലേക്കും കള്ളിയല്‍-കോട്ടൂര്‍ റോഡ് തിരിയുന്നിടത്തും വാഹനങ്ങള്‍ വന്നിറങ്ങുമ്പോഴാണ് അപകടങ്ങള്‍ കൂടുതല്‍ നടക്കുന്നത്.
നെടുമങ്ങാട്-ഷൊര്‍ളക്കോട് മലയോര ഹൈവേയുടെ ഭാഗമായി വരുന്ന റോഡിനാണ് ഈ ദുര്സ്ഥിതി. നെടുമങ്ങാട്-ഷൊര്‍ളക്കോട് മലയോര ഹൈവേയുടെ ഭാഗമായിവരുന്ന റോഡും, കാട്ടാക്കട-കോട്ടൂര്‍ റോഡും സംഗമിക്കുന്നതുമായ റോഡില്‍ കുറ്റിച്ചല്‍ ജംഗ്ഷന് കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് നാട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.