കുറ്റിച്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിചികിത്സ പ്രഖ്യാപനം പാഴ്വാക്കാകുന്നു
text_fieldsകാട്ടാക്കട: കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിചികിത്സ തുടങ്ങുമെന്ന് പ്രഖ്യാപനം തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടോളമായി. തലസ്ഥാനജില്ലയിലെ തെക്കന്‍ മലയോരമേഖലയില്‍ ആദിവാസികളും നിർധനരും ഏറെയുള്ള പഞ്ചായത്താണിത്. കിടത്തിചികിത്സക്കുവേണ്ടി രണ്ട് കെട്ടിടം നിര്‍മിച്ചിട്ട് വര്‍ഷങ്ങളേറെയായി. കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം രാവിലെ എട്ടുമുതല്‍ വൈകീട്ട് ഏഴുവരെയാണ്. എന്നാല്‍ പലപ്പോഴും വൈകി ഉണരുകയും നേരേത്ത ഉറങ്ങുകയുമാണ് ആശുപത്രി.
ദിനംപ്രതി ഒ.പിയിൽ 400 ഓളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. വനത്തിനുള്ളിലെ 22 കിലോമീറ്റർ അകലെയുള്ള ഊരുകളിൽനിന്നുപോലും ആദിവാസികൾ ഇവിടെ ചികിത്സക്കെത്തുന്നു. മെഡിക്കൽ ഓഫിസറും ഒരു സ്ഥിരം ഡോക്ടറും എൻ.എച്ച്.എം വഴിയുള്ള രണ്ട് ഡോക്ടർമാരുമുണ്ട്. രാത്രി ഏഴ്വരെ മാത്രമുള്ള ഡോക്ടറുടെ സേവനം കഴിഞ്ഞാൽ അത്യാവശ്യ ചികിത്സക്ക് 20 കിലോമീറ്റർ അകലെയുള്ള നെടുമങ്ങാട് ആശുപത്രിയിലോ 40 കിലോമീറ്ററോളം അകലെയുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലോ എത്തണം. ഇതിന് െചലവേറെയാണ്. അഗസ്ത്യവനത്തിനുള്ളിൽ ഉൾപ്പെടെ ആറ് ഉപകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. എല്ലാറ്റിനുമായുള്ളത് ആറ് നഴ്സുമാരും നാല് ഹെൽത്ത് ഇൻസ്പെക്ടറും.
വനത്തിനുള്ളിലെ ആദിവാസിമേഖലകളിൽ മെഡിക്കൽ ക്യാമ്പുകളിൽ 'ഫോർവീൽ' ഡ്രൈവുള്ള ആംബുലൻസ് വേണമെന്ന ആവശ്യത്തിനും പരിഹാരമില്ല. വനത്തിനുള്ളിലെ അപകടം, വന്യമൃഗ ആക്രമണം തുടങ്ങിയ അത്യാഹിതങ്ങളിലോ ഗർഭിണികള്‍ക്കും വൃദ്ധര്‍ക്കും അടിയന്തര ചികിത്സ കിട്ടണമെങ്കിലോ നിലവില്‍ ആശുപത്രിയിലെത്തിക്കൽ പ്രയാസകരമാണ്. യഥാസമയം ചികിത്സകിട്ടാതെ ജീവന്‍വരെ നഷ്ടപ്പെട്ട സംഭവങ്ങളുണ്ട്.
കുറ്റിച്ചല്‍ ആശുപത്രിയില്‍ 20 രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന വലിയ രണ്ട് ഹാളുകളുള്ള ഒരു കെട്ടിടം പണിപൂർത്തിയായി അഞ്ചുവർഷത്തോളമായിട്ടും ഇപ്പോഴും പൂട്ടിയിട്ടിരിക്കുകയാണ്. ആശുപത്രിക്ക് ഒരേക്കറിലേറെ ഭൂമിയും നാല് കെട്ടിടവും നിലവിലുണ്ട്. സാമൂഹികാരോഗ്യകേന്ദ്രമാക്കി ഉയർത്തുമെന്ന് കാലാകാലം ഭരണാധികാരികള്‍ പ്രഖ്യാപിക്കുന്നത് ജലരേഖയാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.