കണ്ടല ബാങ്കിൽ കയറിയിറങ്ങി നിക്ഷേപകർ മടുത്തു; പണമിട്ടവർക്ക് പുല്ലുവില
text_fieldsകാട്ടാക്കട: കണ്ടല സര്‍വിസ് സഹകരണ ബാങ്കില്‍ ദിവസവും എത്തുന്ന നിരവധിപേരുണ്ട് ഇപ്പോഴും; വായ്പ എടുക്കാനോ ബാങ്കില്‍ ജോലി ചെയ്യാനോ വേണ്ടിയല്ല, വിവാഹം, വിദ്യാഭ്യാസം, ആശുപത്രി, ഭൂമി വാങ്ങല്‍, വീട് നിർമാണം, വാർധക്യകാലത്ത് അന്നം മുടങ്ങാതിരിക്കൽ തുടങ്ങി വിവിധ ആവശ്യങ്ങളുമായാണ് അവർ എത്തുന്നത്. എല്ലാവരും കണ്ടല സര്‍വിസ് സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചവരാണ്. ചിലർ ഗുരുതരരോഗികളുമാണ്.
സുരക്ഷിത നിക്ഷേപം എന്നുകരുതി കണ്ടല സര്‍വിസ് സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചവരൊക്കെ അക്ഷരാർഥത്തില്‍ ഇപ്പോൾ വെട്ടിലായി. നിക്ഷേപ തുകക്കായി ബാങ്കിലെത്തുമ്പോള്‍ ഭിക്ഷക്കാരോട് പോലും പെരുമാറാത്ത തരത്തിലാണ് ബാങ്ക് അധികൃതരുടെ പ്രതികരണം.
പണം കിട്ടാതെ വന്നതോടെ പൊലീസിനും സഹകരണ വകുപ്പിനും മുഖ്യമന്ത്രിക്കും വരെ പരാതി കൊടുത്തിട്ടും ഇടപാടുകാരുടെ ആശങ്കയകറ്റാനായിട്ടില്ല. എന്നാല്‍ ബുധനാഴ്ച ഇ.ഡി കണ്ടല സര്‍വിസ് സഹകരണ ബാങ്കില്‍ പരിശോധന തുടങ്ങിയതോടെ നിക്ഷേപകർക്ക് അൽപം പ്രതീക്ഷ കൈവന്നമട്ടാണ്.
ഇ.ഡി പരിശോധ നടത്തുന്നതിനിടെ ബാങ്ക് പ്രസിഡന്റായിരുന്ന സി.പി.ഐ നേതാവ് എന്‍. ഭാസുരാംഗൻ, മുന്‍ സെക്രട്ടറിമാരുടെ വീടുകളിലും റെയ്ഡുകള്‍ നടത്തിയതോടെ നിക്ഷേപകർ ആശ്വാസത്തിലാണിപ്പോൾ.
മാസങ്ങളായി വായ്പ തിരിച്ചടവിനും മറ്റുമായി പണവുമായി എത്തുന്ന സഹകാരികളില്‍ നിന്ന് പണം സ്വീകരിക്കുന്നതുവരെ അതിരഹസ്യമായിട്ടായിരുന്നു. ഏതാനും മാസങ്ങളായി ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് ബാങ്കില്‍ തരിച്ചടവുണ്ടായത്.
ഇതില്‍നിന്ന് ബാങ്കിലെ നിക്ഷേപകര്‍ക്ക് നിത്യനിദാന െചലവുകള്ക്കോ ചികിത്സക്കോപോലും പണം നല്കാൻ ബാങ്ക് അധികൃതര്‍ തയാറായിട്ടില്ലെത്ര. തിരിച്ചടവ് വഴി ലഭിച്ച പണത്തില്‍ പോലും തിരിമറികൾ നടന്നതായും സൂചനയുണ്ട്. നിക്ഷേപത്തുക കിട്ടാതെ വന്നതോടെ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര് റജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് ഇവരുടെ എസ്.ബി അക്കൗണ്ടുകൾ ബാങ്ക് അധികൃതർ മരവിപ്പിച്ചിരിക്കുന്നു.
ബാങ്കിലെ ക്രമക്കേട് കണ്ടത്തിയശേഷം ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇതിലേറെയും ഉന്നതരും-രാഷ്ട്രീയസ്വാധീനമുള്ളവരുമായിരുന്നു. എന്നാല്‍ ഒന്നുമറിയാത്ത സാധുക്കൾ ഇപ്പോഴും വെട്ടിലാണ്. എന്നാല്‍ നിക്ഷേപകരുടെ തുക തിരികെ ലഭിക്കാനായി സര്‍ക്കാറിന്റെ പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവും ഉയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.