ജലവിതരണത്തിൽ ക്രമക്കേട്; കാട്ടാക്കടയിൽ ശുദ്ധജലക്ഷാമം രൂക്ഷം
text_fieldsകാട്ടാക്കട: പ്രദേശത്ത് ശുദ്ധജല ക്ഷാമം രൂക്ഷമായി തുടരുമ്പോഴും ജല അതോറിറ്റിയുടെ ജലവിതരണത്തിൽ ക്രമക്കേട്. ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി മുറിച്ച ഭാഗങ്ങളില്‍ പലയിടത്തും കണക്ഷന് നല്‍കിയില്ല. മറ്റ് ചിലയിടത്ത് വെള്ളം ഒഴുക്കിക്കളയുന്നു. കാട്ടാക്കട-നെയ്യാര്‍ഡാം റോഡില്‍ കാട്ടാക്കട ക്ഷീരസംഘത്തിനു സമീപത്താണ് ജല അതോറിറ്റിയുടെ പൈപ്പിൽനിന്ന് വെള്ളം ഓടയിലൂടെ ഒഴുക്കുന്നത്.
ഗ്രാമീണ മേഖലയില്‍ ജലവിതരണം തടസ്സപ്പെടുന്നത് സംബന്ധിച്ചോ, തടസ്സപ്പെട്ടാല്‍ എപ്പോള്‍ കിട്ടുമെന്നോ ആര്‍ക്കും ഒരുനിശ്ചയവുമില്ല. പൈപ്പുവെള്ളത്തെ ആശ്രയിക്കുന്നവര്‍ സമീപത്തെ വീടുകളിലെ കിണറുകളില്‍ നിന്ന് ജലം ശേഖരിക്കേണ്ട സ്ഥിതിയാണ്. കാട്ടാക്കട പട്ടണം, തൂങ്ങാംപാറ, ചെട്ടിക്കോണം, മാവുവിള, ചെമ്പനാകോട്, കിള്ളി, കാനക്കോട്, കാരീഞ്ചൽ, കൊറ്റംപള്ളി, വില്ലിടുംപാറ, കട്ടയ്ക്കോട്, നാടുകാണി തുടങ്ങിയ പ്രദേശങ്ങളിലൊന്നും ജലവിതരണം കാര്യക്ഷമമല്ലെന്നാണ് പരാതി. രണ്ടാഴ്ചയിലധികമായി ഈ പ്രദേശങ്ങളിൽ കുടിവെള്ളം ലഭിച്ചിട്ട്. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് പലദിവസങ്ങളിലും പൈപ്പുകളിൽ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ് പ്രദേശവാസികൾ.
നെയ്യാർഡാം കാളിപാറയിലെ ജല അതോറിറ്റിയുടെ ജല ശുദ്ധീകരണശാലയിൽനിന്ന് നെയ്യാറ്റിൻകരയിലേക്ക് പോകുന്ന 700 എം.എം.ഡി.ഐ ഗ്രാവിറ്റി പ്രധാന പൈപ്പിൽ തൂങ്ങാംപാറയിലെ വാൽവ് നിയന്ത്രിച്ചാണ് കാട്ടാക്കടയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം എത്തിക്കുന്നത്. ആഴ്ചയിൽ രണ്ടുദിവസം കാട്ടാക്കടയിലേക്ക് ഈ വാൽവ് പ്രവർത്തിപ്പിച്ചാൽ മാത്രമേ പഞ്ചായത്ത് പ്രദേശത്ത് ജലവിതരണം സുഗമമായി നടക്കൂ. എന്നാൽ, നെയ്യാറ്റിൻകര പ്രദേശത്തേക്കുള്ള ജലവിതരണത്തിൽ ഈ പ്രശ്നം ഉണ്ടാകുന്നില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിലുള്ള അലംഭാവമാണ് കാട്ടാക്കടയിൽ ജലവിതരണം മുടങ്ങാൻ കാരണമായി ആരോപണമുള്ളത്. കുടിവെള്ളം മുടങ്ങുമ്പോൾ കാട്ടാക്കടയിലെ സെക്ഷൻ ഓഫിസിൽ പരാതിപ്പെട്ടാൽ ഉദ്യോഗസ്ഥർ മൗനം പാലിക്കുന്നു.
നെയ്യാറ്റിൻകര അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറോടോ എക്സിക്യൂട്ടിവ് എൻജിനീയറോടോ പരാതി പറഞ്ഞാൽ കാട്ടാക്കട ഓഫിസിൽ വിളിക്കാനാകും ഉപദേശം. വർഷങ്ങളായി സ്കീം നോക്കുന്ന കരാറുകാരനെ വിളിച്ചാൽ ഫോൺ എടുക്കില്ല. ആരോട് പരാതി പറഞ്ഞാലാണ് കുടിവെള്ളം കിട്ടുകയെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല. വേനൽ തുടങ്ങിയപ്പോൾ ഇത്തരത്തിൽ ജലവിതരണം മുടങ്ങിയാൽ പ്രദേശത്ത് കുടിവെള്ളം കിട്ടാതാകുമെന്ന സ്ഥിതിയാണ്.
ജല്ജീവന്പദ്ധതിയുടെ ഭാഗമായി മിക്ക വീടുകളിലും ജലവിതരണ കണക്ഷന് നല്‍കിയെങ്കിലും ടാപ്പ് തുറന്നാല്‍ കാറ്റ് മാത്രമാണ് കിട്ടുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.