അസൗകര്യങ്ങളില്‍ വീപ്പുമുട്ടി ഇരുവേലി സര്‍ക്കാര്‍ ഹൈസ്കൂള്‍
text_fieldsകാട്ടാക്കട: അസൗകര്യങ്ങളില്‍ വീപ്പുമുട്ടിയും അധികൃതരുടെ അവഗണനയില്‍ ശ്വാസംമുട്ടിയും കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ ഉത്തരംകോട് ഇരുവേലി സര്‍ക്കാര്‍ ഹൈസ്കൂള്‍. പ്രീ.കെ.ജിമുതല്‍ പത്താം തരം വരെ 264 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ 134കുട്ടികളും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.
50 ശതമാനത്തിലേറെ ആദിവാസി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളില്‍ മെച്ചപ്പെട്ട ക്ലാസ് മുറികളില്ല, ശൗചാലയങ്ങളില്ല, എന്തിനേറെ സ്കൂളില്‍ പ്രവേശിക്കുന്നതിനായി സഞ്ചാരയോഗ്യമായ റോഡുപോലുമില്ല. സ്കൂള്‍ അങ്കണത്തിലേയ്ക്ക് കഷ്ടിച്ച് ഒരുവാഹനത്തിന് കടന്നുപോകാന്‍ തക്ക വീതിപോലുമില്ല. ഈ റോഡാകാട്ടെ പൊട്ടിപൊളിഞ്ഞ് കുണ്ടുംകുഴിയും നിറഞ്ഞ് കിടക്കുകയാണ്.
സ്കൂള്‍ വളപ്പില്‍ അഞ്ചിലേറെ ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടം ഫിറ്റ്നസ് ഇല്ലാത്തതുകാരണം പൊളിച്ചുനീക്കാന്‍ ഉത്തരവ് നല്‍കിയിട്ട് ഏറെനാളായിട്ടും ഇതേവരെ കെട്ടിടം പൊളിച്ചുനീക്കിയിട്ടില്ല. കാറ്റിലും മഴയിലും കെട്ടിടത്തിന്‍റെ മേല്‍ക്കൂരയും ഓടുകളും ഇളകിവീണുകൊണ്ടിരിക്കുന്നു.
അഗസ്ത്യവനത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികൾക്ക് ഹൈസ്കൂള്‍ പഠനം ലക്ഷ്യമിട്ടാണ് ഉത്തരംകോട് ഇരുവേലി യു.പി സ്കൂള്‍ 2015ല്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്തിയത്.
വനമേഖലയിലെ മേഖലയിലെ കുട്ടികൾക്ക് വിദൂര സ്ഥലങ്ങളിൽ പഠനം നടത്താൻ ബുദ്ധിട്ടായതും ഏഴാം ക്ലാസിനുശേഷം വനത്തിനുള്ളിലെ കുട്ടികള്‍ ഉപരിപഠനം നിര്‍ത്തുന്നതും കാരണം ഉത്തരംകോട് ഇരുവേലി യു.പി സ്കൂള്‍ ഹൈസ്ക്കൂളാക്കി ഉയർത്തണമെന്ന ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് ഹൈസ്കൂളാക്കി ഉയര്‍ത്തിയത്.
നിലവിലുള്ള ശൗചാലയം ദുര്‍ഗന്ധം വമിച്ച് കുട്ടികള്‍ക്ക് കയറാന്‍ പറ്റാത്തസ്ഥിതിയാണ്. അപകടാവസ്ഥയിലുള്ള കെട്ടിടം പൊലിച്ചുനീക്കുക, സ്കൂളിലേയ്ക്ക് റോഡ് നിര്‍മ്മിക്കുക, ആവശ്യമായ ക്ലാസ് മുറികള്‍ നിര്‍മ്മിക്കണംഎന്നീ ആവശ്യങ്ങൾ രക്ഷിതാക്കള്‍ ഉന്നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.