ക്രമക്കേടിൽ അടിപതറി കണ്ടല ബാങ്ക്; ബാങ്കിന് കീഴിലെ ആശുപത്രിയും ബ്രാഞ്ചുകളും അടച്ചുപൂട്ടലിന്റെ വക്കിൽ
text_fieldsകാട്ടാക്കട: കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവിസ് സഹകരണബാങ്കിന്റെ കീഴിലെ സഹകരണ ആശുപത്രിയും ബ്രാഞ്ചുകളും പൂട്ടിയേക്കും. മാറനല്ലൂര്‍-മലയിന്‍കീഴ്-കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് നിക്ഷേപകരും സഹകാരികളും കൈപിടിച്ചുയര്‍ത്തിയ കണ്ടല സർവിസ് സഹകരണബാങ്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമോ എന്നും നിക്ഷേപകരുടെ ലക്ഷങ്ങൾ തിരിച്ചുകിട്ടുമോ എന്നുള്ള ആശങ്കകളുമാണ് നാട്ടുകാര്‍ക്കുള്ളത്
കണ്ടല സർവിസ് സഹകരണബാങ്കിന്റെ കീഴിലുള്ള സഹകരണ ആശുപത്രിയും പാപ്പാറ, തൂങ്ങാംപാറ, വെളിയംകോട് ബ്രാഞ്ചുകളുമാണ് നിലവിലുള്ളത്. മാസങ്ങളായി ബ്രാഞ്ചുകളിലേക്ക് ചിട്ടി, വായ്പ എന്നിവയുടെ തിരിച്ചടവിനായി എത്തുന്നവര്‍ തീരെയില്ല. ഈ സാഹചര്യത്തിലാണ് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി അറിയുന്നത്.
അടുത്തിടെയായി കണ്ടല സഹകരണ ആശുപത്രിയിലും ചികിത്സതേടി എത്തുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയും ബാങ്ക് ശാഖകളും പൂട്ടുന്നതുവഴി ജീവനക്കാരുടെ എണ്ണം കുറച്ച് ശമ്പളം നല്കുന്നതിലുള്ള ബാധ്യത കുറയ്ക്കാനാണ് ഇതുവഴി നീക്കം നടക്കുന്നതെന്നാണ് സൂചന.
ലക്ഷങ്ങള്‍ മാത്രം വിലയുള്ള ജാമ്യവസ്തുവിന്റെ ഈടിന്മേല് കോടികളാണ് ബാങ്ക് പ്രസിഡന്റിന്റെ ഇഷ്ടക്കാര്‍ക്ക് വായ്പയായും ചിട്ടിയായും നല്‍കിയത്. കണ്ടല സർവിസ് സഹകരണബാങ്ക് തകര്‍ച്ചയിലായെന്ന് സഹകരണവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നിക്ഷേപം നടത്തിയവരാകെ നെട്ടോട്ടമായി.
മറ്റ് സഹകരണ ബാങ്കുകളെക്കാള്‍ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശയും നിക്ഷേപം എത്തിക്കുന്നവര്‍ക്ക് കമീഷനും നല്‍കിയതോടെയാണ് കണ്ടല സർവിസ് സഹകരണബാങ്കില്‍ സമീപ താലൂക്കുകളില്‍നിന്ന് നിക്ഷേപകരെത്തിയത്. 173 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് കണ്ടല സർവിസ് സഹകരണബാങ്ക് നല്‍കാനുള്ളതെന്നാണ് സഹകരണവകുപ്പ് കണ്ടെത്തൽ. എന്നാൽ, നിക്ഷേപത്തിന്റെ ഇരട്ടി ബാങ്കിന് ലഭിക്കാനുണ്ടെന്നായിരുന്നു ബാങ്ക് ഭരണസമിതിയുടെ പ്രചാരണം.
‘2.25 കോടി കേരള ബാങ്കിൽ വന്നിട്ടും നിക്ഷേപകർക്ക് പണം നൽകുന്നില്ല’
കാട്ടാക്കട: കണ്ടല സർവിസ് സഹകരണ ബാങ്കിന്റെതായുള്ള 2.25 കോടിയിലേറെ രൂപ കേരള ബാങ്കില്‍ വന്നിട്ടും നിക്ഷേപകര്‍ക്ക് പണം നല്കാന് അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നില്ലെന്ന് മുൻ പ്രസിഡന്റ് എന്‍. ഭാസുരാംഗന്.
140 കോടിയോളം രൂപയാണ് കണ്ടല സര്‍വിസ് സഹകരണ ബാങ്കില്‍ നിക്ഷേപമുള്ളത്. സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിന്‍കീഴിലായി മാസം പിന്നിട്ടും നിക്ഷേപകര്‍ക്കുള്ള പണം നല്‍കുന്നതിനുള്ള നടപടികളായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.