വഴികാണാതെ കാട്ടാക്കട മിനി സിവിൽ സ്റ്റേഷൻ
text_fieldsകാട്ടാക്കട: നിരവധി സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന കാട്ടാക്കട മിനി സിവിൽ സ്റ്റേഷനിലേക്ക് എത്തിച്ചേരാന്‍ ജനങ്ങൾ ബുദ്ധിമുട്ടുന്നു. ചന്ത റോഡിലാണ് സിവിൽ സ്റ്റേഷനെന്ന പ്രാഥമിക അറിവുമായി എത്തുന്നവർ കുഴയും. എങ്ങോട്ടാണ് പോകേണ്ടതെന്നറിയാൻ ഒരിടത്തും സൂചന ബോർഡില്ല.
കാട്ടാക്കട ചന്തക്കുള്ളിലൂടെ ഇവിടേക്ക് പോകാൻ കഴിയുമെങ്കിലും ഇരുവശവും കാടുമൂടിയ നടവഴിയാണ്. ഇഴജന്തുക്കളും തെരുവുനായ്ക്കളും വിഹരിക്കുന്ന ഈ വഴിയിലൂടെ നട്ടുച്ചക്കുപോലും പേടിയോടെ മാത്രമേ നടക്കാനാകൂ.
പ്രധാന കവാടമുള്ള ഭാഗത്തേക്ക് എത്തണമെങ്കിൽ നെടുമങ്ങാട് റോഡിലൂടെ സഞ്ചരിച്ച് ശ്രീകൃഷ്‌ണപുരം റോഡിൽ കയറി വേണം പോകാൻ. ഓഫിസുകൾ എവിടെയെന്നറിയാൻ ഇവിടെയും ഒരു ബോർഡ് പോലുമില്ല. പ്രവർത്തനം തുടങ്ങി രണ്ട് വർഷത്തോളമായിട്ടും പൊതുജന സൗഹൃദമാകാതെയാണ് സിവിൽ സ്റ്റേഷൻ പ്രവർത്തനം.
ചന്തക്കുള്ളിലൂടെയുള്ള വഴി ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ എങ്ങുമെത്താതെ നീളുന്നതാണ് പ്രധാന പ്രശ്‌നം. കാട്ടാക്കട താലൂക്ക് ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, സിവില്‍ സപ്ലൈസ് ഓഫിസ്, എംപ്ലോയ്മെന്‍റ് എക്സേഞ്ച് തുടങ്ങി നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കാട്ടാക്കട മിനി സിവിൽ സ്റ്റേഷനിലേക്ക് സുഗമമായ വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനങ്ങള്‍ക്കും പരാതികള്‍ക്കും കണക്കില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.