കാർഷികസമൃദ്ധിയുടെ പുനർജനിയായി തരിശുപാടത്ത് നെൽകൃഷി
text_fieldsകാട്ടാക്കട: വര്‍ഷങ്ങള്‍ക്കുശേഷം കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ ഏക്കര്‍ കണക്കിന് പ്രദേശത്ത് നെല്പാടം കതിരണിഞ്ഞു. കാർഷിക കർമസേനയുടെ സഹകരണത്തോടെ ആറ് ഏലാകളിലായി 1200ലേറെ പറ പാടത്താണ് നെൽകൃഷി നടത്തിയത്.
വര്‍ഷങ്ങളായി ഒരു മണി നെല്ല് പോലും ഉൽപാദിപ്പിക്കാതെ കിടന്നയിടത്താണ് മികച്ച രീതിയിലെ കൃഷി സാധ്യമായത്. കാട്ടാക്കടയുടെ നെല്ലറകൾ എന്നറിയപ്പെട്ടിരുന്ന പ്രധാന എലാകളിൽ ഇതോടെ സമൃദ്ധിയുടെ പോയകാലം മടങ്ങിവന്നിരിക്കുകയാണ്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പരമ്പരാഗതവും ആധുനികവുമായ കൃഷിരീതികൾ സംയോജിപ്പിച്ച് കൃഷിവകുപ്പിെൻറ മേൽനോട്ടത്തിൽ നടക്കുന്ന കൃഷിയിൽ കർഷകർക്കൊപ്പം കാർഷിക കർമസേനയും ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കിയിട്ടുണ്ട്.
കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് ഏലായിലെ 105 സെൻറൽ കഴിഞ്ഞ മാസമാണ് സേന കൃഷി തുടങ്ങിയത്. അത്യുൽപാദന ശേഷിയുള്ള മനുരത്ന, ഉമ, പ്രത്യാശ എന്നീ വിത്തുകളാണ് ഉപയോഗിക്കുന്നത്. 90 ദിവസം മുതൽ 105 ദിവസത്തിനകം വിളവെടുക്കാനാകുന്ന രോഗപ്രതിരോധശേഷിയും കൂടുതലുള്ള വിത്തിനങ്ങളാണിവ.
നെൽകൃഷിക്ക് പ്രദേശത്തെ സഹകരണ ബാങ്കുകൾ കർഷകർക്ക് വായ്പയും നൽകി സഹായിക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തെ പ്രതികൂലമായ കാലാവസ്ഥയിൽ പോലും മികച്ച വിളവ് കൊയ്ത് മികച്ച ലാഭം നേടാനും ഈ കൂട്ടുകൃഷി രീതിയിൽ കർഷകർക്കാകുന്നു. പഞ്ചായത്തിലെ അഞ്ചുതെങ്ങിൻമൂട്- അമ്പലത്തിൻകാല, ആമച്ചൽ, ഇളവൻകോണം, പ്ലാവൂർ കിള്ളി തുടങ്ങിയ ഏലാകളിലാണ് നെല്‍കൃഷി നടക്കുന്നത്.
പഞ്ചായത്തിലെ കർഷകരും കർഷകതൊഴിലാളികളും ഉൾപ്പെടുന്ന കൃഷിയോട് താൽപര്യമുള്ള എല്ലാവരും ചേരുന്ന സമിതിയാണ് കാർഷിക കർമസേന.
കർഷകർക്ക് വയൽ ഒരുക്കി നൽകുന്നത് മുതൽ ഞാറുനടീൽ, വളപ്രയോഗം, കളപറിക്കൽ, കൊയ്ത്ത്, മെതി എന്നിവക്ക് എല്ലാ സൗജന്യ സഹായവും നൽകുന്നത് സേനയാണ്. ഒരു ട്രാക്ടർ, ഗാർഡൻ ഡ്രില്ലർ, ബ്രഷ് കട്ടർ, കുഴിക്കുന്നതിനുള്ള യന്ത്രം എന്നിവ സ്വന്തമായുണ്ട്. വിത്ത്, ടെക്നീഷ്യന്മാർ, തൊഴിലാളികൾ എന്നിവ കർമസേന കർഷകർക്ക് ലഭ്യമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.