അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കാട്ടാക്കട പോസ്റ്റ് ഓഫിസ്
text_fieldsകാട്ടാക്കട: നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തില്‍ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കാട്ടാക്കട പോസ്റ്റ് ഓഫിസ്. പോസ്റ്റ് ഓഫിസിനോട് ചേര്‍ന്ന് കോടികള്‍ വിലയുള്ള ഭൂമി കാടുകയറി ഇഴജന്തുക്കളുടെ താവളമായി.
മരപ്പട്ടികളും എലികളും വാസമാക്കിയ പോസ്റ്റ് ഓഫിസ് കെട്ടിടം നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കുന്നില്ല. പോസ്റ്റ് ഓഫിസ് വഴിയുള്ള സേവനങ്ങള്‍ കൂട്ടിയതോടെ ജനത്തിരക്കേറി. ദിനംപ്രതി നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി കാട്ടാക്കട പോസ്റ്റ് ഓഫിസില്‍ എത്തുന്നത്.
കാട്ടാക്കട താലൂക്കിലെ മിക്ക പഞ്ചായത്തുകളിലേയും ആളുകള്‍ സേവനങ്ങള്‍ക്കായി കാട്ടാക്കടയിലെ മെയിന്‍ പോസ്റ്റ് ഓഫിസിലാണ് എത്തുന്നത്. ഇവിടെ എത്തിയാല്‍ പലപ്പോഴും തിരക്കുകാരണം നിന്നുതിരിയാന്‍ കഴിയില്ല. പ്രാഥമികാവശ്യം നിറവേറ്റാന്‍ ശൗചാലയം പോലും ഇല്ല.
പോസ്റ്റ് ഓഫിസിലെത്തുന്ന തപാല്‍ ഉരുപ്പടികള്‍ പലപ്പോഴും എലികള്‍ കടിച്ചും മരപ്പട്ടിയുടെ കാഷ്ടം വീണും ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരിക്കും.
മഴക്കാലമായാല്‍ പോസ്റ്റ് ഓഫിസിലേക്ക് കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മഴയത്ത് പരിസരമാകെ വെള്ളംകൊണ്ട് നിറയും. പോസ്റ്റ് ഓഫിസിരിക്കുന്നിടത്ത് 17 സെന്റോളം ഭൂമിയുണ്ട്. കോടികള്‍ വിലമതിക്കുന്ന ഭൂമിയുടെ ഒരുവശത്തുമാത്രമാണ് നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടം സ്ഥിതിചെയ്യുന്നത്. ദിവസവും ആയിരങ്ങളെത്തുന്ന സിവില്‍ സ്റ്റേഷനിലേക്കും കാട്ടാക്കട പൊതുചന്തയിലേക്കും പ്രവേശിക്കുന്നത് കാട്ടാക്കട പോസ്റ്റ് ഓഫിസിന് മുന്നിലൂടെയാണ്.
ആധുനിക നിലയിലുള്ള വാണിജ്യ സമുച്ചയം ഉള്‍പ്പെടെ നിര്‍മിച്ചാൽ മാസം ലക്ഷങ്ങള്‍ വരുമാനം നേടാമെന്ന ആശയം നാട്ടുകാര്‍ മുന്നോട്ടുവെച്ചെങ്കിലും അധികൃതർക്ക് അനക്കമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കാട്ടാക്കടയിലെത്തിയപ്പോള് ഈ ആവശ്യത്തിൽ നിവേദനം നല്കാൻ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.