കർഷക കൂട്ടായ്മയിൽ 'കാട്ടാൽ കുത്തരി' വിപണിയിലേക്ക്
text_fieldsകാട്ടാക്കട: കർഷക കൂട്ടായ്മയായ കാർഷിക കർമ സേനയുടെ നേതൃത്വത്തിൽ 'കാട്ടാൽ കുത്തരി' എന്ന പേരിൽ അരി വിപണിയിലെത്തുന്നു. കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ജൈവസമൃദ്ധി പദ്ധതിയുടെയും സുഭിക്ഷ കേരളം പദ്ധതിയുടെയും ഭാഗമായാണ് കാർഷിക രംഗത്ത് മാതൃകസംരംഭം ഒരുങ്ങുന്നത്.
ഒരു കാലത്ത് മലയോര മേഖലയുടെ നെല്ലറയായിരുന്ന കാട്ടാക്കടയിൽ പിന്നീട് നെൽകൃഷിയുടെ വ്യാപ്തി കുറഞ്ഞുവരികയായിരുന്നു. ജലദൗർലഭ്യമായിരുന്നു പ്രധാന കാരണം. കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ജലസമൃദ്ധി പദ്ധതി കർഷകർക്കിടയിൽ സൃഷ്ടിച്ച ആത്മവിശ്വാസമാണ് നെല്‍കൃഷി പുനരുജ്ജീവിപ്പിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. ഇതോടെ പഞ്ചായത്തിലെ നെൽകൃഷി വീണ്ടെടുക്കുകയായിരുന്നു.
സുഭിക്ഷ കേരളത്തിനായി 'സ്വയം പര്യാപ്തം എെൻറ കാട്ടാക്കട' എന്ന പദ്ധതിയിൽ നെൽകൃഷിക്ക് ആദ്യ പരിഗണനയാണ് നൽകിയത്. അതോടൊപ്പം കർഷകർക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയുമായി പഞ്ചായത്തും കൃഷി വകുപ്പും ഒത്തുചേർന്നപ്പോൾ പല ഏലാകളിലും വീണ്ടും കതിരണിഞ്ഞു. പഞ്ചായത്തില്‍ ഏറ്റവും വലിയ നെല്ലുൽപാദനമാണ് ഈ വർഷമുണ്ടായത്. അടുത്തയാഴ്ച വിളവെടുക്കും.
വിളവെടുക്കുന്ന നെല്ല് തദ്ദേശീയമായി തന്നെ കുത്തി അരിയാക്കി കാട്ടാൽ കുത്തരി എന്ന പേരിൽ വിപണിയിലെത്തിക്കാൻ പഞ്ചായത്തും കാർഷിക കർമസേനയും തീരുമാനമെടുക്കുകയായിരുന്നു. ഇതിനായുള്ള ആലോചന യോഗം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു. ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഷിക കർമസേന പ്രസിഡൻറ് കാട്ടാക്കട രാമു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത, കൃഷി ഓഫിസർ ബീന എന്നിവർ സംസാരിച്ചു. കാർഷിക കർമസേന അംഗങ്ങളായ ജയകുമാർ, ജനാർദനന് നായർ, സുരേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.