കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണം; പത്ത് വർഷം തികയും മുെമ്പ കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സ് തകർച്ചയുടെ വക്കിൽ
text_fieldsകാട്ടാക്കട (തിരുവനന്തപുരം): കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഷോപ്പിങ് കോംപ്ലക്സ് പത്ത് വര്‍ഷം തികയും മുമ്പ് തന്നെ തകര്‍ച്ച നേരിട്ടുതുടങ്ങി. മൂന്ന് നിലകളിലായി നിര്‍മിച്ച കെട്ടിടത്തിന്‍റെ പ്രധാന ചുമര്‍ ഉള്‍പ്പെടെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി കാണിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. നിർമാണത്തിലെ ക്രമക്കേടും അറ്റകുറ്റപ്പണികളും നടക്കാതായോടെ കെട്ടിടം അപകടാവസ്ഥയിലേക്ക് നീങ്ങുകകയാണെന്ന് ആക്ഷേപമുണ്ട്.
കെട്ടിടത്തിന്‍റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പലയിടത്തായി സ്ഥാപിച്ച സ്റ്റെയര്‍ കേസിലെ കമ്പികള്‍ പോലും തുരുമ്പെടുത്ത് നശിച്ചുതുടങ്ങി. കെട്ടിടത്തിലെ വിള്ളല്‍ ദിവസം കഴിയുന്തോറും കൂടുതല്‍ പൊട്ടിമാറുന്നതായി യാത്രക്കാരും വ്യാപാരികളും പറയുന്നു.
2009 ഒക്ടോബറില്‍ നിർമാണം ആരംഭിച്ച് 2011 ആഗസ്റ്റില്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിനാണീ ഗതികേട്. ചുമരുകള്‍ പൊട്ടിമാറിയതിന് പുറമെ മേൽക്കൂരയായി നിർമിച്ച ഷീറ്റുകളും നിലത്ത് പാകിയ ടൈലുകളും വരെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
മൂന്നേക്കർ ഭൂമിയുള്ള കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയില്‍ റോഡിനു സമാന്തരമായി മൂന്ന് കോടിയിലേറെ രൂപ ചെലില്‍ പണിത കെട്ടിടമാണ് അകാല വാർദ്ധക്യത്തിലായത്. മൂന്ന് നിലകളിലായി 30 മുറികളും രണ്ട് ഹാളുകളും അടങ്ങുന്ന കെട്ടിടത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞയുടന്‍ തന്നെ നിർമാണത്തെക്കുറിച്ച് പരാതികളാരംഭിച്ചിരുന്നു.
സെപ്റ്റിക് ടാങ്ക് നിറഞ്ഞ് തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. അഞ്ച് കോടിയിലേറെ രൂപ അഡ്വാന്‍സ് വാങ്ങി, പ്രതിമാസം മൂന്ന് ലക്ഷത്തിലേറെ വാടക ലഭിക്കുന്ന ഈ ഷോപ്പിങ് കോംപ്ലക്സിൽനിന്ന് പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ മെയിന്‍റനന്‍സ് ചെലവായി വ്യാപാരികളില്‍നിന്ന് ഈടാക്കിയിട്ടും നയാപൈസപോലും അറ്റകുറ്റപ്പണിക്കായി ഇതുവരെ ചെലവഴിച്ചിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
കെട്ടിടത്തിന്‍റെ അപകട ഭീഷണിയും കോവിഡിനെ തുടര്‍ന്ന് അടച്ചിടലും കൂടിയായതോടെ നിരവധി കച്ചവടക്കാര്‍ ഉപേക്ഷിച്ചുപോയി. ഇതോടെ നിരവധി കടമുറികൾ അടച്ചിട്ടു.
ചുമരുകള്‍ വിണ്ടുകീറിയതോടെ കെട്ടിടത്തില്‍ കച്ചവടം ചെയ്യുന്ന ബാക്കിയുള്ള വ്യാപാരികളും യാത്രക്കാരും ആശങ്കയിലാണ്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് കാണിച്ച് നാട്ടുകാര്‍ കെ.എസ്.ആര്‍.ടി.സി അധികൃതരെ വിവരം അറിയിച്ചിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. പൊട്ടിയ ചുവരുകളുടെ കീഴില്‍ ഇതൊന്നുമറിയാതെ മണിക്കൂറുകളാണ് യാത്രക്കാര്‍ കാത്തുനില്‍ക്കുന്നത്.
ഷീറ്റില്‍ നിർമിച്ച മേല്‍ക്കൂരയും പൊട്ടിപ്പൊളിഞ്ഞു. വെയിലേറ്റ് ഷീറ്റുകള്‍ പൊട്ടിപ്പൊളിഞ്ഞെന്നാണ് അധികൃതരുടെ വിശദീകരണം. കോടികള്‍ മുടക്കി നിർമിച്ച ഷോപ്പിങ് കോംപ്ലക്സിൽ മാലിന്യ നിക്ഷേപത്തിന് ശാസ്ത്രീയ സംവിധാനം ഇല്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. 30 കടമുറികള്‍ നിര്‍മിച്ച കെട്ടിടത്തില്‍ ഖരമാലിന്യ സംസ്കരണത്തിന് യാതൊരു സംവിധാനവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.