കുളത്തുമ്മല്‍ വില്ലേജ് ഓഫിസ് നിർമാണത്തിൽ അപാകതയെന്ന്
text_fieldsകാട്ടാക്കട: കുളത്തുമ്മല്‍ വില്ലേജ് ഓഫിസ് നിർമാണത്തിൽ അപാകതയെന്ന് പരാതി. 44 ലക്ഷം രൂപ ചെലവിട്ട് നിർമിക്കുന്ന വില്ലേജ് ഓഫിസ് മന്ദിരത്തില്‍ പഴയ കെട്ടിടം പൂർണമായി പൊളിക്കാതെ ഭിത്തികൾ നിലനിർത്തിയാണ് പുതിയത് നിർമിക്കുന്നതെന്നാണ് ആക്ഷേപം.
26 സെന്റ് ഭൂമിയിലാണ് കുളത്തുമ്മൽ വില്ലേജ് ഓഫിസും റൂറൽ ജില്ല ട്രഷറിയും പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്. ഇതിൽ 16 സെന്റ് ട്രഷറിക്കും 10 സെന്റ് വില്ലേജ് ഓഫിസിനുമായുള്ളതാണ്. വർഷങ്ങൾ പഴക്കമുള്ള ജീർണിച്ച പഴയ ഓടിട്ട കെട്ടിടം ബലക്ഷയം നേരിടുന്നതിനാലും സ്ഥലസൗകര്യം കുറവായതിനാലും രണ്ടുവർഷം മുമ്പ് ഓടിട്ട പഴയ കെട്ടിടത്തോട് ചേർന്ന് ലക്ഷങ്ങൾ ചെലവിട്ട് വില്ലേജ് ഓഫിസർക്കും സ്റ്റോറിനുമായി ഒരു എക്സ്റ്റൻഷൻ കോൺക്രീറ്റ് കെട്ടിടം നിർമിച്ചിരുന്നു. പുതിയ കെട്ടിടം പണിയണമെന്ന ആവശ്യം നിലനിൽക്കെയിരുന്നു ഈ അനാവശ്യ നിർമിതി.
എൽ.ഡി.എഫ് സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ റവന്യൂ പ്ലാൻ ഫണ്ടിൽനിന്ന് 44 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇപ്പോൾ വില്ലേജ് ഓഫിസിനുള്ള പുതിയ കെട്ടിടം പൂർത്തിയാക്കുന്നത്. നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. പഴയ ഓടിട്ട കെട്ടിടം പൂർണമായി പൊളിച്ചുനീക്കാതെ പഴയ ചുവരുകൾ നിലനിർത്തിയാണ് കെട്ടിടം പണിയുന്നത്. പഴയ ജനാലകളും വാതിലും പോലും മാറ്റിയിട്ടില്ല. ഇതാണ് കെട്ടിടം പണിയിൽ ക്രമക്കേട് ആരോപിക്കാൻ കാരണമെന്നും പൊതുപ്രവർത്തകർ പറയുന്നു.
കൂടാതെ കാട്ടാക്കട പട്ടണ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പിന് ആദ്യ കല്ലിട്ടപ്പോൾ നിലവിൽ പ്രവൃത്തി പുരോഗമിക്കുന്ന വില്ലേജ് ഓഫിസ് കെട്ടിടവും പൊളിക്കൽ ഭീഷണിയിലാണ്. കല്ലിട്ടപ്പോൾ ഈ കെട്ടിടത്തിന്റെ കാൽഭാഗത്തോളം ഏറ്റെടുക്കേണ്ട സ്ഥലത്തിനുള്ളിൽ വരും.
സാമൂഹികാഘാത പഠനവും തുടർനടപടികളുമൊക്കെയായി പട്ടണവികസന പദ്ധതി ഇനിയും നീളും. കല്ലിട്ടതനുസരിച്ച് 16 മീറ്ററിൽ റോഡ് വികസനം പൂർത്തിയാക്കിയാൽ വില്ലേജ് ഓഫിസ് കെട്ടിടം ഉറപ്പായും പൊളിക്കേണ്ടിവരും. ഈ സാഹചര്യമുള്ളപ്പോഴാണ് പുതിയ നിർമിതി. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.