കേരളത്തിലെ ലൈഫ് പദ്ധതി ലോകത്തിന് മാതൃക -മന്ത്രി ശിവൻകുട്ടി
text_fieldsകാട്ടാക്കട: കേരളത്തിലെ ലൈഫ് പദ്ധതി ലോകത്തിന് മാതൃകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച കർമപരിപാടിയിൽ ഉൾപ്പെടുത്തി ലൈഫ് മിഷൻ മുഖേന നിർമിച്ച വീടുകളുടെ ജില്ലതല പൂർത്തീകരണ പ്രഖ്യാപനവും പുതുതായി നിർമിക്കുന്ന വീടുകളുടെ കരാർ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക പ്രതിസന്ധിയൊന്നും ലൈഫ് മിഷൻ പദ്ധതികളെ ബാധിക്കില്ല.
അഞ്ച് വർഷത്തിനുള്ളിൽ കൂടുതൽ വീടുകൾ യാഥാർഥ്യമാക്കുമെന്നും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിലുൾപ്പെടെ 20 ലക്ഷം തൊഴിലവസരം സ്രഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 3000 കോടിയിലധികം രൂപയുടെ വികസനമാണ് സ്കൂളുകളിൽ നടക്കുന്നതെന്നും ഇതിന്റെ ഫലമായി പത്ത് ലക്ഷത്തിലധികം കുട്ടികൾ സ്വകാര്യമേഖല വിട്ട് സർക്കാർ സ്കൂളുകളിൽ എത്തിയതായും മന്ത്രി പറഞ്ഞു.
വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 1,379 വീടുകൾ പൂർത്തീകരിച്ചു. ലൈഫ് 2020 പദ്ധതിയിലുൾപ്പെട്ട 8703 ഗുണഭോക്താക്കളുടെ ഭവനനിർമാണം 2023-24 സാമ്പത്തികവർഷം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ഘട്ടങ്ങളിലായി ജില്ലയിൽ ഇതുവരെ 34,745 വീടുകൾ ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കി. 23,841 വീട് ഗ്രാമപഞ്ചായത്തുകളിലും 10,904 വീട് നഗരസഭകളിലും പൂർത്തിയാക്കി.
ലൈഫ് ഒന്നാംഘട്ടമായ ‘പൂർത്തീകരിക്കാത്ത വീടുകളുടെ പൂർത്തീകരണം’ വിഭാഗത്തിൽ 6,040 വീടുകളും രണ്ടാംഘട്ടം ‘ഭൂമിയുള്ള ഭവനരഹിതരുടെ’ വിഭാഗത്തിൽ 15,474 പേരും വീട് നിർമാണം പൂർത്തിയാക്കി.
മൂന്നാംഘട്ടമായ ‘ഭൂരഹിത ഭവനരഹിതർ’ പട്ടികയിൽ ഭൂമിയുള്ളതായി കണ്ടെത്തിയ 1,119 പേർക്ക് ഭവനനിർമാണ സഹായം ലഭ്യമാക്കി. 2,514 പേർക്ക് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഭൂമി കണ്ടെത്തുകയും ഭവനനിർമാണത്തിനായി കരാറിൽ ഏർപ്പെടുകയും ചെയ്തു. 1,259 പേർ ഈ വിഭാഗത്തിൽ ഭവനനിർമാണം പൂർത്തീകരിച്ചു.
1,364 പട്ടികജാതി വിഭാഗക്കാർക്കും 417 പട്ടികവർഗ വിഭാഗക്കാരും 511 ഫിഷറീസ് വിഭാഗക്കാരും ചേർന്ന് 3,215 പേർ കരാർ വെയ്ക്കുകയും 1,033 ഭവനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
ലൈഫ് 2020 ഓൺലൈൻ അപേക്ഷകളിൽ 3,549 പേർ കരാറിൽ ഏർപ്പെട്ടു. 29 പേരുടെ ഭവനനിർമാണം പൂർത്തിയായി. 844 പേരടങ്ങുന്ന അതിദരിദ്രരുടെ പട്ടികയിൽ 306 പേർ കരാർ വെച്ചു. ആറ് ഭവനങ്ങളുടെ നിർമാണം പൂർത്തിയായി. പട്ടികയിലെ മുഴുവൻപേരും കരാർ വെപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്ന മനസോടിത്തിരി മണ്ണ് പദ്ധതിയിലൂടെ പൂവച്ചലിൽ രണ്ടര ഏക്കർ ഭൂമിയും നഗരൂരിൽ 22 സെന്റ് സ്ഥലവും കള്ളിക്കാട് മൂന്ന് സെന്റും പാങ്ങോട് 15 സെന്റ് ഭൂമിയും ലഭ്യമായി. പൂവച്ചൽ ഗ്രാമപഞ്ചായത്തിന് ലഭ്യമായ രണ്ടര ഏക്കറിൽ 114 ഗുണഭോക്താക്കളെ പാർപ്പിക്കാനുള്ള ഭവനസമുച്ചയം നിർമിക്കാനുള്ള നടപടികളിലാണ് സർക്കാർ.
അഴൂർ ഗ്രാമപഞ്ചായത്തിലെ 2.47 ഏക്കറിൽ 44 യൂനിറ്റുകളടങ്ങിയ ഭവനസമുച്ചയവും മടവൂരിലെ 1.20 ഏക്കറിൽ 44 യൂനിറ്റുകളടങ്ങിയ ഭവനസമുച്ചയവും നിർമിക്കാൻ തീരുമാനമായി. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ചേമംകുഴിയിൽ നടന്ന പരിപാടിയിൽ ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ജില്ല കലക്ടർ ജെറോമിക് ജോർജ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ കുമാർ, വൈസ് പ്രസിഡന്റ് എസ്. ലതാകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്. വിജയകുമാർ, ജെ. ലാസർ ജോസഫ്, ജോയിന്റ് ഡയറക്ടർ ജെ.എ. അനിൽകുമാർ, ലൈഫ് മിഷൻ കോഓഡിനേറ്റർ എസ്. ശ്രീശുഭ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.