പ്രതീക്ഷയാണ് എല്ലാവർക്കും...
text_fieldsകാട്ടാക്കട: ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലെ തെക്കേഅറ്റത്തുള്ള കാട്ടാക്കട നിയോജകമണ്ഡലം എൽ.ഡി.എഫിനും യു.ഡി.എഫിനും എപ്പോഴും പ്രതീക്ഷയാണ്. കരമന-കളിയിക്കാവിള ദേശിയപാത കടന്നുപോകുന്ന പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് മുതല്‍ കാര്‍ഷികമേഖലയായ വിളപ്പില്‍ശാല വരെ നീളുന്ന കാട്ടാക്കട നിയോജക മണ്ഡലം ഇക്കുറി യു.ഡി.എഫിനെ കൈവിട്ട് എല്‍.ഡി.എഫിനെ തുണക്കുമെന്നാണ് ഇടതുകോട്ടകളിലെ പ്രതീക്ഷ. എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിലെത്തുമ്പോള്‍ ഇരുമുന്നണികളും വിജയപ്രതീക്ഷ പുലർത്തവെ ബി.ജെ.പി കേന്ദ്രങ്ങളും ഉണർവിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാട്ടാക്കടയിലെത്തിയത് നിയോജകമണ്ഡലത്തിലെ ബി.ജെ.പിക്ക് ആത്മവിശ്വാസം വർധിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലെത്തിയത് നേട്ടമായി ഇടതുകേന്ദ്രങ്ങളും കണക്കുകൂട്ടുന്നു.
പഴയ നേമം നിയോജകണ്ഡലത്തിലെ വിളപ്പില്‍, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, പള്ളിച്ചല്‍, മലയിന്‍കീഴ് ഗ്രാമപഞ്ചായത്തുകളും ആര്യനാട് നിയോജക മണ്ഡലത്തിലെ കാട്ടാക്കട ഗ്രാമപഞ്ചായത്തും ഉള്‍പ്പെടുത്തിയാണ് കാട്ടാക്കട നിയോജകമണ്ഡലം രൂപവത്കരിച്ചത്. നേമം നിയോജകമണ്ഡലമായിരുന്നപ്പോള് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലായിരുന്നു. കാട്ടാക്കട നിയോജകമണ്ഡലമായതോടെ ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലേക്ക് മാറി. 2014ല്‍ ഇടതുസ്ഥാനാർഥി എ. സമ്പത്തിനെ കാട്ടാക്കട നിയോജകമണ്ഡലം നെഞ്ചേറ്റിയപ്പോള്‍ യു.ഡി.എഫിലെ ബിന്ദു കൃഷ്ണ പിന്നാക്കം പോയി.
എന്നാല്‍ 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമ്പത്തിന് കാലിടറി. യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനെ വിജയം തേടിയെത്തി.
2019ല്‍ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ അടൂർ പ്രകാശിന് 51,962 വോട്ടുകള്‍ ലഭിച്ചു. സിറ്റിങ് എം.പിയായിരുന്ന സമ്പത്തിന് 45,822 ഉം ബി.ജെ.പിയിലെ ശോഭാ സുരേന്ദ്രന് 40692ഉം വോട്ടുകൾ കിട്ടി. അതിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാർഥി ഐ.ബി. സതീഷ് 66293 വോട്ട് നേടിയപ്പോള്‍ യു.ഡി.എഫിലെ മലയിന്‍കീഴ് വേണുഗോപാലിന് 43,062 ഉം ബി.ജെ.പിയിലെ പി.കെ. കൃഷ്ണദാസിന് 34542 ഉം വോട്ടാണ് നേടാനായത്.
മലയിന്‍കീഴ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്കാശുപത്രി ആക്കിയത് പേരിൽ മാത്രമൊതുങ്ങിയത്, കാട്ടാക്കട കോടതിയുടെ പുതിയ കെട്ടിടം തുറക്കാത്തത്, കരമന-കാട്ടാക്കട-മണ്ഡപത്തിന്‍കടവ് റോഡ് നവീകരണം യാഥാർഥ്യമാക്കാത്തത്, കാട്ടാക്കട ജങ്ഷന് വികസനം പ്രഖ്യാപനത്തിലൊതുങ്ങിയത് എന്നിവ യു.ഡി.എഫ്, ബി.ജെ.പി കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പായുധമാക്കുന്നു. കണ്ടല സര്‍വിസ് സഹകരണബാങ്കിലെ ക്രമക്കേടുകളും കാട്ടാക്കട നിയോജകമണ്ഡലത്തില്‍ ഇടതുവോട്ടില്‍ ചോര്‍ച്ചയുണ്ടാക്കും.
അടിയൊഴുക്കുകളുണ്ടായില്ലെങ്കില് ഇക്കുറിയും കാട്ടാക്കട യു.ഡി.എഫിനൊപ്പം നില്‍ക്കാനാണ് സാധ്യത. നിയോജകമണ്ഡലത്തിലെ കാട്ടാക്കട, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളപ്പില്‍, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തുകള്‍ ഇടതിനൊപ്പം നില്ക്കുമ്പോള് വിളവൂര്‍ക്കല്‍ പഞ്ചായത്തുമാത്രമാണ് യു.ഡി.എഫിനൊപ്പമുള്ളത്. ഇതാണ് ഇടതുേകന്ദ്രങ്ങള്ക്ക് ആത്മവിശ്വാസം നല്‍കുന്നത്.
രണ്ടാംതവണ മത്സരത്തിനിറങ്ങിയ അടൂര്‍ പ്രകാശിന് പാര്‍ട്ടിക്കതീതമായി മണ്ഡലത്തിലെ ബന്ധുബലവും സൗഹൃദവലയവും കൂടുതല്‍ വോട്ടുകള്‍ നേടിക്കൊടുക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
എന്നാല്‍ പാര്‍ട്ടി ജില്ല സെക്രട്ടറി എന്നതിനുപുറമേ വര്‍ഷങ്ങളായുള്ള സുഹൃദ്-ബന്ധുവലയം ജോയിക്ക് നേട്ടമുണ്ടാക്കുമെന്നും വിശ്വസിക്കുന്നു. കേന്ദ്രമന്ത്രി എന്ന നിലയിലെ പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ ആഴത്തിലുള്ള ബന്ധങ്ങളും ബി.ജെ.പി സ്ഥാനാർഥി വി. മുരളീധരന് ഗുണകരമാവുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.