മേഖല ടൂറിസം സ്പോട്ടാക്കുന്നു; തൂങ്ങാംപാറ ഇനി സഞ്ചാരികളുടെ പറുദീസ
text_fieldsകാട്ടാക്കട: കാട്ടാക്കട പട്ടണത്തിന് അടുത്തായുള്ള നാട്ടുകാരുടെ സ്വന്തം തൂങ്ങാംപാറ ഇനി സഞ്ചാരികളുടെ പറുദീസ. തൂങ്ങാംപാറയെ സര്‍ക്കാര്‍ ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസം സ്പോട്ടാക്കി മാറ്റുന്നു. സാഹസികവിനോദങ്ങൾ ഉൾപ്പെടുത്തി പ്രദേശത്തെ ടൂറിസംമേഖലയായി വികസിപ്പിക്കാനുള്ള വിനോദസഞ്ചാരവകുപ്പിന്റെ പദ്ധതിയിൽ ഒരുകോടിയോളം രൂപ െചലവഴിച്ചാണ് ഒന്നാം ഘട്ടം തുടങ്ങുന്നത്. നിർമാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചതോടെയാണ് പദ്ധതിക്ക് തുടക്കമായത്.
തൂങ്ങാംപാറയില്‍ നിന്നുള്ള സന്ധ്യനേരത്തെ ആകാശകാഴ്ച ഏവരുടെയും മനംകുളിര്‍പ്പിക്കും. തൂക്കായ പാറക്ക് തൂക്കാൻപാറയെന്നും പിൽക്കാലത്ത് തൂങ്ങാംപാറയെന്നും പേരുണ്ടായി. കാട്ടാക്കട ജങ്ഷനിൽ നിന്ന് കേവലം രണ്ട് കിലോമീറ്റർ മാറിയാണ് പ്രദേശം. പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്തിനൊപ്പം എപ്പോഴും ചെറിയ തണുപ്പുള്ള കാലാവസ്ഥയാണ് പ്രത്യേകത. 200 അടിയോളം ഉയരമുള്ള പാറയുടെ മുകൾപ്പരപ്പ് ധാരാളം സന്ദർശകരെ ഉൾക്കൊള്ളാൻ പാകത്തിലുള്ളതാണ്.
വിനോദസഞ്ചാരത്തോടൊപ്പം വിവിധ മേഖലകളെ ഒരുമിപ്പിച്ച് പ്രദേശവാസികൾക്ക് തൊഴിൽ സാധ്യതകളുൾപ്പെടെ ലക്ഷ്യമിട്ടാണ് പദ്ധതി. പാറയുടെ മുകളിലേക്ക് കയറാനുള്ള പടവുകൾ, ശൗചാലയം, കുടിലുകൾ, പാറ മുകളിൽ അതിർത്തി സംരക്ഷണഭിത്തി, സൂചനാഫലകങ്ങൾ, പാറമുകളിലെ തുറസ്സായ സ്റ്റേജ്, മഴവെള്ള സംഭരണം, ജലവിതരണം, വൈദ്യുതീകരണം, ഗോവണി, ലാൻഡ് സ്കേപ്പിങ് എന്നിവയുണ്ടാകും. രണ്ടാംഘട്ടത്തിൽ പ്രദേശത്തെ കുളം നവീകരിക്കൽ, സാഹസിക വിനോദമായ റോപ്പ് ക്ലൈംബിങ് ഉൾപ്പടെയുള്ളവയും പൂർത്തിയാക്കും. പ്രദേശത്തെ ഓട്ടോ/ടാക്സി തൊഴിലാളികൾക്ക് തൂങ്ങാംപാറ ഇക്കോടൂറിസത്തിൽ ഒരുക്കുന്ന കുടിലുകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിന് കമീഷൻ വ്യവസ്ഥയിൽ വരുമാനത്തിന് അവസരമുണ്ടാകും. കുടുംബശ്രീ യൂനിറ്റുകൾക്കും പ്രദേശത്തുകാർക്കും ഉൽപന്നങ്ങൾ വിൽക്കാനും സൗകര്യം ഉണ്ടാകും. വിദ്യാർഥികൾക്ക് ഇക്കോ ഗൈഡുകളായി പ്രവർത്തിക്കാനുള്ള അവസരവും പദ്ധതി വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.