ശാപമോക്ഷം കാത്ത് മാറനല്ലൂര്‍ സർക്കാർ ആയുര്‍വേദ ആശുപത്രി
text_fieldsകാട്ടാക്കട: ശാപമോക്ഷം കാത്ത് മാറനല്ലൂര്‍ സർക്കാർ ആയുര്‍വേദ ആശുപത്രി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച പഴയ കെട്ടിടത്തില്‍ തന്നെയാണ് ഇപ്പോഴും ആശുപത്രിയുടെ പ്രവര്‍ത്തനം. മഴക്കാലത്തുണ്ടാകുന്ന ചോര്‍ച്ചയെ തുടര്‍ന്ന് ആശുപത്രിയുടെ മേല്‍ക്കൂര ഷീറ്റ് പാകിയതല്ലാതെ മറ്റൊരു ആധുനികവത്കരണവും ഇവിടെ നടപ്പിലാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
മാറിവരുന്ന ഭരണസമിതികള്‍ ആയുര്‍വേദ ആശുപത്രിയില്‍ സൗകര്യങ്ങളൊരുക്കുമെന്ന് പ്രഖ്യാപിക്കുമെങ്കിലും അധികൃതരാരും ഇവിടെ തിരിഞ്ഞുപോലും നോക്കാറില്ലത്രെ. തുടങ്ങിയ കാലത്തുണ്ടായിരുന്ന ഒരു ഡോക്ടറും രണ്ട് ജീവനക്കാരും മാത്രമാണ് ഇപ്പോഴുമുള്ളത്. ദിവസേന നൂറ് കണക്കിന് പേരാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ഉച്ചവരെ മാത്രമാണ് ഡോക്ടറുള്ളത്. പലപ്പോഴും രോഗികളുടെ തിരക്ക് കാരണം അടുത്ത ദിവസങ്ങളിലായിരിക്കും ഡോക്ടറെ കാണാനാകുക.
എട്ട് വര്‍ഷം മുമ്പ് മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന് നിലവില്‍ വന്നത് ആയുര്‍വേദ ആശുപത്രിയോട് ചേര്‍ന്ന് കിടക്കുന്ന ക്വാര്‍ട്ടേഴ്സിലായിരുന്നു. അന്ന് പൊലീസ് പിടിച്ചെടുത്തിരുന്ന വാഹനങ്ങള്‍ ഇപ്പോഴും ആയുര്‍വേദ ആശുപത്രിവളപ്പില്‍ തന്നെ കിടക്കുന്നു. ആശുപത്രിവളപ്പില്‍ വാഹനങ്ങള്‍ കൂടിക്കിടക്കുന്നത് മൂലം ആശുപത്രിയിലെത്തുന്ന രോഗികളുടെ വാഹനങ്ങള്‍ ഇപ്പോള്‍ പാതയോരത്താണ് പാര്‍ക്ക് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ പഞ്ചായത്തിനെ അറിയിച്ചെങ്കിലും ഒരു നടപടികളുമുണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.