ഗായത്രിക്കായി അമ്മയും സഹോദരിയും രാത്രി സ്റ്റേഷനിൽ; എന്നിട്ടും അന്വേഷിക്കാതെ കാട്ടാക്കട പൊലീസ്
text_fieldsകാട്ടാക്കട: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ തകർന്നത് നിർധന കുടുംബത്തിെൻറ പ്രതീക്ഷ. പഠിക്കാൻ ഏറെ മിടുക്കിയായ സഹോദരിയുടെ ഉന്നത പഠനത്തിന് വേണ്ടിയാണ് ഗായത്രി ജ്വല്ലറിയിലും പിന്നീട് ജിംനേഷ്യത്തിലും ജോലിനോക്കിയത്.
പ്രവീണുമായുള്ള അടുപ്പം സഹപ്രവർത്തകരും കുടുംബവും അറിഞ്ഞതോടെ നാണക്കേട് മൂലമാണ് ജ്വല്ലറിയിലെ ജോലി ഗായത്രി ഉപേക്ഷിച്ചത്. പക്ഷേ ഗായത്രിയെ ഉപേക്ഷിക്കാൻ പ്രവീൺ തയാറായിരുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും ഇരുവരും ബന്ധം തുടർന്നു. പ്രവീൺ ആവശ്യപ്പെട്ടതനുസരിച്ച് ശനിയാഴ്ച ഉച്ചയോടെയാണ് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാനുണ്ടെന്ന് കള്ളംപറഞ്ഞ് ഗായത്രി വീട്ടിൽ നിന്നിറങ്ങിയത്.
പ്രവീൺ തെൻറ കഴുത്തിൽ താലികെട്ടുന്ന ഫോട്ടോ ഹോട്ടൽ മുറിയിലിരുന്ന് ഗായത്രി ശനിയാഴ്ച വൈകീട്ട് വാട്സ്ആപ് സ്റ്റാറ്റസിൽ പങ്കുവെച്ചു. ഇതുകണ്ട സഹോദരിയും അമ്മയും അഞ്ചരയോടെ ഗായത്രിയുടെ മൊബൈലിലേക്ക് വിളിച്ചെങ്കിലും എടുത്തത് പ്രവീണായിരുന്നു. ഗായത്രി തനിക്കൊപ്പമുണ്ടെന്നും അവളെ അന്വേഷിച്ച് ഇനി ആരും വിളിക്കേണ്ടെന്നും പറഞ്ഞ് പ്രവീൺ കയർത്തു.
ഗായത്രിക്ക് ഫോണ്‍ കൊടുക്കാൻ അമ്മ സുജാത ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നുവെന്ന് സഹോദരി ജയശ്രീ 'മാധ്യമ'ത്തോട് പറഞ്ഞു.
പ്രവീണിെൻറ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇരുവരും ശനിയാഴ്ച രാത്രി ഏഴോടെ പരാതിയുമായി കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി. മകളുടെ ഫോണില്‍നിന്ന് ഭീഷണിയുടെ സ്വരത്തില്‍ പ്രവീൺ സംസാരിച്ചെന്നും ഗായത്രിക്ക് എന്തോ അപകടം പറ്റിയിട്ടുണ്ടെന്നും എത്രയുംവേഗം കണ്ടെത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടെങ്കിലും നോക്കാമെന്ന ഉഴപ്പന് മറുപടിയാണ് ലഭിച്ചതെന്നും പരാതി വാങ്ങിയശേഷം പറഞ്ഞയക്കുകയായിരുന്നുവെന്നും ജയശ്രീ പറഞ്ഞു.
തുടര്‍ന്ന് പുലരും വരെ ഇരുവരും മാറി മാറി ഗായത്രിയുടെ ഫോണിലേക്ക് വിളിച്ചപ്പോഴെല്ലാം ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഞായറാഴ്ച രാവിലെ ഏഴോടെയാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍നിന്ന് വീട്ടിലേയ്ക്ക് ഫോണ്‍ വന്നത്.
ഗായത്രിയെയും പ്രവീണിനെയും കണ്ടെത്തിയിട്ടുണ്ടെന്നും ഉടൻ സ്റ്റേഷനിലെത്തണമെന്നുമായിരുന്നു സന്ദേശം. തുടര്‍ന്ന് അമ്മയെയും കൂട്ടി ഓട്ടോറിക്ഷയില്‍ ജയശ്രീ കാട്ടാക്കട സ്റ്റേഷനിലെത്തി. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇരുവരുമുണ്ടെന്നും അവിടേക്ക് പോകാനുമായിരുന്നു നിർദേശം.
ഗായത്രി സുരക്ഷിതയായി ഇരിക്കുന്നുവെന്ന വിശ്വാസത്തിൽ തമ്പാനൂര്‍ സ്റ്റേഷനിലെത്തി ഏറെ കഴിഞ്ഞപ്പോഴാണ് കൊല്ലപ്പെട്ട വിവരം അറിയുന്നത്. ഗായത്രിയുടെ പിതാവ് മാരിയപ്പന് 12 വര്‍ഷം മുമ്പ് മരിച്ചു. രണ്ട് പെണ്മക്കളേയും സുജാത ഹോട്ടലുകളിലും വീടുകളിലും ജോലിചെയ്താണ് വളര്‍ത്തിയത്. ബി.എഡിന് പഠിക്കുന്ന ജയശ്രീ എം.എസ്സിയിൽ മൂന്നാം റാങ്ക് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.