ഓണത്തിനും നിറമില്ലാതെ നെയ്യാർഡാം
text_fieldsകാട്ടാക്കട: നിറം മങ്ങിയ പ്രതിമകള്‍, പെയിന്റുകള്‍ ഇളകി കരിപിടിച്ച അണക്കെട്ട്, കാടുകയറിയ കുട്ടികളുടെ പാര്‍ക്ക്... ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാര്‍ ഡാമിന്റെ അവസ്ഥയാണിത്. ഓണം വാരാഘോഷം തുടങ്ങാനിരിക്കെ, മിനുക്കുപണികള്‍ മാത്രമേ നടക്കുന്നുള്ളൂ. നെയ്യാര്‍ ഡാമിന്റെ സൗന്ദര്യവത്കരണത്തിനായി ലക്ഷങ്ങള്‍ ചെലവിടുന്നതായാണ് കണക്കെങ്കിലും ഫലമില്ല. വർഷങ്ങളായി സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന ഉദ്യാനവും കുട്ടികളുടെ പാർക്കും സൈക്കിൾ പാർക്കും മ്യൂസിക് ഫൗണ്ടനുമെക്കെ ഈ ഓണക്കാലത്ത് ഓർമകളില്‍ മാത്രമാകും.
പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇവിടത്തെ വികസനം കാലാകാലങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതി പ്രകാരം 35 കോടി രൂപയാണ് നെയ്യാര്‍ ഡാം വികസനത്തിനായി അനുവദിച്ചതായി പ്രഖ്യാപിച്ചത്. മലമ്പുഴ മാതൃകയില്‍ ഉദ്യാനം, റോപ്പ് വേ, അക്വേറിയം, പാര്‍ക്കിങ് സൗകര്യങ്ങള്‍, റോഡ് വികസനം, നാട്ടുകാര്‍ക്ക് തൊഴിലവസരം എന്നിങ്ങനെയായിരുന്നു പ്രഖ്യാപനങ്ങള്‍. ഇറിഗേഷന്‍-വനം-ടൂറിസം വകുപ്പുകള്‍ ഒരുമിച്ച് പദ്ധതി നടപ്പാക്കുകയെന്നായിരുന്നു പ്രഖ്യാപനം. തുടക്കത്തില്‍ ചില പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ടൂറിസം വകുപ്പും വനം വകുപ്പും പുതിയ ബോട്ടും ഫ്ലോട്ടിങ് ബോട്ട് ജെട്ടിയും തയാറാക്കിയെങ്കിലും ഇപ്പോള്‍ ഇതില്‍ ചിലത് പ്രവര്‍ത്തിക്കുന്നില്ല.
ടൂറിസം വികസനത്തിന് മൂന്നരക്കോടി, ഇക്കോ ടൂറിസത്തിന് 86 ലക്ഷം, നെയ്യാര്‍ അണക്കെട്ടിന്റെ അറ്റകുറ്റ പ്പണികള്‍ക്ക് 1.4 കോടി, മറ്റ് ടൂറിസ്റ്റ് സങ്കേതങ്ങളുമായി ബന്ധിപ്പിക്കാന്‍ 11 കോടി ചെലവഴിച്ച് റോഡ് നിര്‍മാണം എന്നിവയാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രഖ്യാപിച്ച ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതിയെപ്പറ്റി ആര്‍ക്കും അറിയില്ലെന്ന സ്ഥിതിയായിട്ടുണ്ട്. എന്നാല്‍, ഈ പദ്ധതിയുടെ പേരില്‍ ചെലവഴിച്ച ലക്ഷക്കണക്കിന് രൂപ പാഴായ വഴിയും ഇപ്പോള്‍ അറിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.