നവീകരണമില്ല; മഴയിൽ റോഡുകൾ അപകടക്കെണി
text_fieldsകാട്ടാക്കട: ശക്തമായ മഴയിൽ മലയോരമേഖലയിലെ പ്രധാന റോഡുകള്‍ ഉള്‍പ്പെടെ തകര്‍ന്നതോടെ യാത്ര ദുരിതപൂര്‍ണം. നവീകരണവും അറ്റകുറ്റപ്പണിയും വൈകിയതിനാൽ റോഡിലെ കുഴികള്‍ ദിവസങ്ങൾ പിന്നിടുമ്പോൾ കാലന്കുഴികളാകുകയാണ്. അടുത്തിടെ നവീകരിച്ച റോഡുകളില്‍ വെള്ളം പുഴ കണക്കെ ഒഴുകുന്നു.
ഓടകളിൽ മാലിന്യവും മണ്ണും നിറഞ്ഞ് ഒഴുക്ക് നിലച്ചതിനാലാണ് റോഡിലൂടെ വെള്ളം ഒഴുകുന്നത്. ലക്ഷങ്ങള്‍ മുടക്കി ഓടകള്‍ നിര്മിച്ചാല്പിന്നെ തിരിഞ്ഞുനോക്കാറില്ല. ഇതോടെ റോഡപകടങ്ങളും ഏറി.
കെ.എസ്.ആര്.ടി.സി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന കിള്ളി-മേച്ചിറ റോഡിലൂടെ കാല്‍നട-ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാതെ കടക്കണമെങ്കില്‍ ഭാഗ്യം കൂടി വേണം. ദുരവസ്ഥക്കെതിരെ നാട്ടുകാർ സമരവും നിവേദനവും നല്കിത്തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. നവീകരണ ഉദ്ഘാടനം നടത്തി കരാർ നൽകി അനുമതികളൊക്കെ ലഭിച്ച റോഡുകൾക്കാണ് ദുരവസ്ഥ.
കാട്ടാക്കട-മലയിന്‍കീഴ്-പേയാട്, പൂവച്ചല്‍-കുറ്റിച്ചല്‍, കിള്ളി-മേച്ചിറ, അന്തിയൂര്‍കോണം-തച്ചോട്ടുകാവ്, പരുത്തിപ്പള്ളി-കള്ളിയല്‍-കോട്ടൂര്‍, എന്നീ പ്രധാന റോഡുകളിലൂടെയുള്ള യാത്ര അതിദുഷ്കരമാണ്. കിള്ളി പനയംകോട്- മണലി-മേച്ചിറ-ഇ.എം.എസ് അക്കാദമി റോഡ്, മൊളിയൂർ-കാന്തള, കിള്ളി-കട്ടയ്ക്കോട് റോഡ് തുടങ്ങിയവയുടെ നവീകരണം എങ്ങുമെത്തിയിട്ടില്ല. കിള്ളി-മേച്ചിറ വഴിയിലൂടെ യാത്ര ചെയ്യാനാവാത്ത സ്ഥിതിയാണ്.
പൊലീസ് സ്റ്റേഷന് മുന്നിലും തിരുവനന്തപുരം റോഡിലെ എട്ടിരുത്തി ഭാഗത്തും ചൂണ്ടുപലകയിലുമൊക്കെ റോഡാകെ തകർന്ന് കിടപ്പാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ യാത്ര വളരെയേറെ ബുദ്ധിമുട്ടാകും.
അടുത്തിടെ ടാര്‍ ചെയ്ത കിള്ളി-തൂങ്ങാംപാറ റോഡ് വെള്ളം കെട്ടി നിന്ന് തകര്‍ച്ച നേരിട്ടുതുടങ്ങി. ആധുനികരീതിയില്‍ നവീകരിച്ച കിള്ളി-കട്ടയ്ക്കോട് റോഡിലെ പുതുവയ്ക്കൽ ഭാഗത്ത് റോഡിലാകെ മണ്‍കൂനകൾ അപകടഭീതിയുയർത്തുന്നു. കാട്ടാക്കട, പൂവച്ചല്‍, കള്ളിക്കാട്, മാറനല്ലൂര്‍, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിന്റെ ഇടറോഡുകള്‍ മിക്കതും തകര്‍ന്നു. പലയിടത്തും ടാർ പോലുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.