അറ്റകുറ്റപ്പണികളില്ല; ഓടകൾ ഉപയോഗശൂന്യം
text_fieldsകാട്ടാക്കട: ലക്ഷങ്ങള്‍ മുടക്കി പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന ഓടകള്‍ അറ്റകുറ്റപ്പണികളും ശുചീകരണവും നടത്താത്തതുകാരണം ഉപയോഗശൂന്യമാവുന്നു. പ്രധാന റോഡരുകുകളിലെ മിക്ക ഓടകളും മണ്ണും ചെളിയും നിറഞ്ഞ് കാടും പടര്‍പ്പുമാണ്. പൊതുഓടകള്‍ സ്വകാര്യ ഭൂഉടമകളും വ്യാപാരികളും നികത്തുന്നുണ്ട്.
മറ്റിടങ്ങളില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഉള്‍പ്പെടെയുള്ളവ ഒഴിക്കിവിടുന്നു. ഇത്തരത്തിലുള്ള പരാതികള്‍ വ്യാപകമായിട്ടും നടപടിയില്ല. പൊതുമരാമത്തും തദ്ദേശസ്ഥാപനങ്ങളും ലക്ഷങ്ങൾ മുടക്കി നിര്‍മിക്കുന്ന ഓടകളാണ് മണ്ണിട്ട് നികത്തി കോണ്‍ക്രീറ്റ് പാതയൊരുക്കുന്നത്.
സ്വകാര്യ വ്യക്തികളുടെ വസ്തുവിലേക്ക് പ്രവേശിക്കുന്നതിനായാണ് കൂടുതലായും ഇത്തരത്തില്‍ ഓടകള്‍ നികത്തുന്നത്. ഓടകള്ക്കുമീതെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിര്‍മിച്ച സ്ഥലങ്ങളില്‍ വരെ ഇപ്പോൾ മണ്ണിട്ട് നികത്തി കോണ്‍ക്രീറ്റ് ചെയ്തതായി അധികൃതര്‍ക്ക് നാട്ടുകാരും പൊതുപ്രവര്‍ത്തകരും പരാതി നല്‍കിയിട്ടും നടപടിയില്ല.
ഓടകള്‍ നികത്തുന്നത് കാരണം മഴക്കാലത്ത് റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഇത് റോഡുകളുടെ തകര്‍ച്ചക്കും മഴക്കാലത്ത് റോഡിലൂടെ വെള്ളം ഒഴുകുന്നതുമൂലമുള്ള അപകടങ്ങള്‍ക്കും കാരണമാകുന്നു.
റോഡരുകിലെ വാണിജ്യ സമുച്ചയങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ നിന്നും മാലിന്യം റോഡരുകിലെ ഓടകളിലേക്ക് ഒഴിക്കിവിടുന്നതും വ്യാപകമാണ്. കാട്ടാക്കട തിരുവനന്തപുരം റോഡില്‍ പെട്രോള്‍ പമ്പ് ജങ്ഷന് മുതല്‍ എട്ടിരുത്തിവരെയുള്ള ഭാഗത്ത് ഇപ്പോള്‍ പൊതുമരാമത്ത് മഴ വെള്ളം ഒഴുകിപ്പോകുന്നതിനായി ഓടകള്‍ നിര്‍മിക്കുന്നുണ്ട്.
ഇവിടെ ഓടകള്‍ പൊളിച്ചപ്പോഴാണ് വന്‍തോതില്‍ മാലിന്യം പൊതുഓടകളിലേക്ക് ഒഴുക്കുന്നത് കണ്ടെത്തിയത്. കെട്ടിടങ്ങളില്‍ നിന്നും പൈപ്പുകള്‍ വഴി മാലിന്യം റോഡരുകിലെ ഓടകളിലേക്ക് ഒഴുക്കുന്നതിനെതിരെ നിരവധി പരാതികൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
പൊതുമരാമത്ത് ഓടകളിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം ഉള്‍പ്പെടെ ഒഴുക്കിവിടുന്നതായി കണ്ടെത്തിയെങ്കിലും പൊതുമരാമത്ത് വകുപ്പ് പഞ്ചായത്തും തമ്മില്‍ പഴിചാരുന്നതല്ലാതെ ഇത് തടയാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.