മണ്ഡപത്തിൻകടവ്-കാട്ടാക്കട-പേയാട് റോഡ് നവീകരണം നീളുന്നു; ദുരിതവും
text_fieldsകാട്ടാക്കട: പൊട്ടിപ്പൊളിഞ്ഞ മണ്ഡപത്തിൻകടവ് - കാട്ടാക്കട- പേയാട് റോഡ് നവീകരണം അനന്തമായി നീളുന്നു. കാട്ടാക്കട വഴി തലസ്ഥാനത്തേക്കുള്ള യാത്ര നടുവൊടിക്കുന്നു. വെള്ളറട, ഒറ്റശേഖരമംഗലം ഭാഗത്തുനിന്ന് തലസ്ഥാനത്തേക്കുള്ള പ്രധാന റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്.
മൂന്ന് റീച്ചായി റോഡ് നവീകരിക്കാനുള്ള നടപടികൾ പൂർത്തിയായിട്ട് മാസങ്ങളായിട്ടും പണി ആരംഭിക്കാനായിട്ടില്ല. ഒന്നര വർഷം മുമ്പ് ആരംഭിച്ച റോഡിന്റെ ഇരു വശങ്ങളിലും ജലജീവൻ മിഷനായി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകാത്തതാണ് റോഡ് നവീകരിക്കാനാകാത്തതിന് പ്രധാന തടസ്സമായി പറയുന്നത്.
ചൂണ്ടുപലക മുതൽ മണ്ഡപത്തിൻകടവ് വരെയുള്ള റോഡ് എട്ടുവർഷം മുമ്പാണ് ബി.എം. ബി.സി. നിലവാരത്തിൽ നവീകരണം നടത്തിയത്. അതിനു ശേഷം ഈ റോഡിൽ ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടന്നെങ്കിലും കുഴികൾ പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ പേയാട് മുതൽ കിള്ളി വരെയും, കിള്ളി മുതൽ ചൂണ്ടുപലക വരെയും രണ്ട് റീച്ചുകൾക്കായി നവീകരണത്തിന് പണം അനുവദിക്കുകയും കരാർ നൽകുകയും ചെയ്തു.
ചൂണ്ടുപലക മുതൽ മണ്ഡപത്തിൻകടവ് വരെയുള്ള ബാക്കി ഭാഗത്തിന് അടങ്കൽ തയാറാക്കിയതല്ലാതെ പിന്നീട് ഒന്നും നടന്നില്ല. ജലജീവൻ പൈപ്പിടൽ ഇഴയുന്നതിനാൽ ആദ്യ രണ്ട് റീച്ചുകളും വൈകുന്നു എന്ന് മാത്രമല്ല വശങ്ങളിലെ കുഴിയടയ്ക്കൽ പോലും നടക്കുന്നില്ല. നിലവിൽ കുഴികൾ നിറഞ്ഞ് റോഡ് അപകടക്കെണിയായി.
ജലജീവൻ മിഷനായി റോഡിന് ഇരുവശവും എടുത്ത കുഴിയാണ് യാത്ര ദുരിതമാക്കിയത്. കുഴി മണ്ണിട്ട് മൂടിയെങ്കിലും മഴ പെയ്ത് കഴിഞ്ഞതോടെ പലേടത്തും കുഴികളും മൺകൂനകളുമായി മാറി. ആറുമാസത്തിനിടയിൽ കാട്ടാക്കടയ്ക്കും പേയാടിനും ഇടയിൽ നിരവധി അപകടങ്ങളാണ് ഈ കുഴികൾ കാരണമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.