ഇനി ഏതുസമയവും കാട്ടാക്കടയുടെ കാലാവസ്ഥയറിയാം
text_fieldsകാട്ടാക്കട: ഏതുസമയവും കാട്ടാക്കടയുടെ കാലാവസ്ഥയറിയാന് സംവിധാനമായി. പഞ്ചായത്ത് പ്രദേശത്തെ മഴ, ഈർപ്പം, കാറ്റ്, താപനില, ജലനിരപ്പ്, ഊർജ ഉപഭോഗം, വായുമലിനീകരണ തോത് എന്നിവയെല്ലാം ഒറ്റ സ്ക്രീനിൽ ജനങ്ങൾക്ക് ലഭ്യമാകും. ഭരണനിർവഹണത്തിന് വിവരസാങ്കേതികവിദ്യ അധിഷ്ഠിതമാക്കുന്ന (ഇന്റർനെറ്റ് ഓഫ് തിങ്സ്-ഐ.ഒ.ടി) സാങ്കേതികവിദ്യയിലൂടെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സെൻസറുകളിൽ നിന്നുള്ള വിവരങ്ങൾ ജനങ്ങൾക്ക് കാണാനാവുന്ന സ്ക്രീൻ സംവിധാനം ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം തുടങ്ങി.
വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനും കൃത്യമായ ഭരണനിർവഹണത്തിനും ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി. ഒരു പഞ്ചായത്ത് സ്മാർട്ട് ആകണമെങ്കിൽ ഭരണനിർവഹണത്തിൽ വിവരസാങ്കേതികവിദ്യക്കൊപ്പം പദ്ധതിനിർവഹണവും മികവുറ്റതാകണം. ഇതിലെ പ്രധാന വെല്ലുവിളികളായ കൃത്യമായ വിവരങ്ങളുടെ അഭാവവും സമയനഷ്ടവും ഒഴിവാക്കാൻ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
പഞ്ചായത്തിലെ കുളങ്ങളിലെ ജലനിരപ്പ്, ഊർജ ഉപഭോഗം, മഴയുടെ തോത്, താപനില, ഈർപ്പം, കാറ്റിന്റെ ഗതി, വായുമലിനീകരണത്തിന്റെ തോത്, മണ്ണിലെ എൻ.പി.കെ, പി.എച്ച് എന്നിവ കൃത്യതയോടെ പഞ്ചായത്തടിസ്ഥാനത്തിൽ തത്സമയം ജനങ്ങൾക്കും ഭരണനിർവഹണ-പദ്ധതിനിർവഹണ ഏജൻസികൾക്കും ലഭിക്കും. വിവിധ വകുപ്പുകളുടെ പദ്ധതി നിർവഹണത്തിനായി ആവശ്യമായ കൂടുതൽ ഐ.ഒ.ടി ഉപകരണങ്ങളുടെ ലഭ്യമാക്കൽ, നിയന്ത്രണം, ആശയവിനിമയ സംവിധാനങ്ങളും സജ്ജമാക്കി. സർക്കാറിന്റെ 'ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി' വകുപ്പിന്റെ കീഴിലുള്ള 'ഐസിഫോസ്' മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. അടുത്തഘട്ടമായി കാട്ടാക്കട മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളെക്കൂടി സ്മാർട്ടാക്കി ഇന്ത്യയിലെതന്നെ ആദ്യ സമ്പൂർണ ഐ.ഒ.ടി അധിഷ്ഠിത മണ്ഡലമാക്കുകയാണ് പദ്ധതി ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.