നാട്ടിലെ കൃഷിക്കളങ്ങളിൽ വിരിയുന്നു ഓണപ്പൂക്കൾ
text_fieldsനാട്ടിലെ കൃഷിക്കളങ്ങളിൽ വിരിയുന്നു ഓണപ്പൂക്കൾ
കാട്ടാക്കട: ഇക്കുറി അത്തപ്പൂക്കളമൊരുക്കാൻ കാട്ടാക്കട മണ്ഡലത്തിൽ ആറ് പഞ്ചായത്തുകളിലായി പരീക്ഷണാർഥം ആരംഭിച്ച പുഷ്പകൃഷിയില്‍ മിക്കയിടത്തും പൂക്കള്‍ പൂത്തുലഞ്ഞുതുടങ്ങി. വിവിധയിടങ്ങളിലായി ഇരുപതേക്കറോളം സ്ഥലത്താണ് കൃഷി ചെയ്യുന്നത്.
10 സെന്റ് മുതൽ ഏക്കർ വരെയുള്ള വിവിധ യൂനിറ്റുകളിലായിട്ടാണ് കൃഷി ആരംഭിച്ചത്. ഓരോ പ്രദേശത്തിനും അനുയോജ്യമായ ഇനങ്ങൾ കൃഷി ഓഫിസർമാർ കണ്ടെത്തി അതിന്റെ വിത്തുകൾ കർഷകർക്ക് നല്കി.
എട്ടിരുത്തിയില് കുളത്തുമ്മൽ വെൽഫെയർ സൊസൈറ്റി നിഷാന്തിന്റെ പുരയിടത്തിൽ രണ്ടരമാസം മുമ്പ് പാകിയ ജമന്തി വിത്തുകൾ ഇപ്പോള്‍ പൂവിട്ടു. ഇവിടെ ഐ.ബി. സതീഷ് എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനവും നിർവഹിച്ചു. വിദ്യാർഥികളുടെയും കുടുംബശ്രീയുടെയും ഒക്കെ സഹകരണത്തോടെയാണ് ഇവിടെ പരിപാലനം നടന്നത്. വിളവെടുപ്പിന് കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരും കൂടാതെ നാട്ടുകാരും ഉൾപ്പെടെ എത്തിയിരുന്നു.
വിപണനം പൂക്കടകൾ വഴിയും നേരിട്ടുമൊക്കെ വിപണനം നടത്താനാണ് ലക്ഷ്യം. മണ്ഡലത്തിലെ കൃഷി ഓഫിസർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും മേൽനോട്ടത്തിലാണ് പൂകൃഷിക്ക് തുടക്കമിട്ടത്. പൂകൃഷിയിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. പ്രധാനമായും ഓണവിപണിയാണ് ലക്ഷ്യമിടുന്നത്. 85 ദിവസം കൊണ്ട് വിത്ത് മുളച്ച് പൂവായി. പുഷ്പകൃഷിയിലൂടെ വരുമാനം നേടാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കൂടുതൽ സ്ഥലങ്ങളിൽ നിരവധി പേരില്‍ പൂകൃഷി എത്തിക്കാനുള്ള ആലോചനയുമുണ്ട്. മറ്റ് കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിൽ കൂടുതൽ വരുമാനം ലഭ്യമാകും എന്നതും പൂകൃഷിയിലൂടെ സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.