യാത്രാസൗകര്യമില്ലാതെ പറയൻമുകൾ നിവാസികൾ
text_fieldsകാട്ടാക്കട: മണ്ഡപത്തിൻകടവിൽ നെയ്യാർഡാം ഇടതുകര കനാലിന് സമീപം പറയൻമുകൾ പ്രദേശത്തെ താമസക്കാർ യാത്രാസൗകര്യമില്ലാതെ വലയുന്നു. പാലം നിർമിക്കാൻ നല്കിയ നിവേദനങ്ങള്‍ക്കും പരാതികള്‍ക്കും കണക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വീടുകളിൽ നിന്ന് നേരെ എതിരെയുള്ള പ്രധാന റോഡിലെത്താൻ ഒരു കിലോമീറ്ററിലേറെ ചുറ്റേണ്ട ഗതികേടാണ്. വാഹനം പോകാത്ത ഒരു വഴിയാണ് ആകെയുണ്ടായിരുന്നത്. നിലവിലുണ്ടായിരുന്ന കനാൽ ബണ്ട് മഴയിൽ ഇടിഞ്ഞുവീണതോടെ നടവഴിയും ഇല്ലാത്ത സ്ഥിതിയായി.
ലക്ഷംവീട്ടിലെ 20 കുടുംബങ്ങൾ ഉൾപ്പെടെ നൂറോളം വരുന്ന വീട്ടുകാർ യാത്രാസൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്. വീടുകളിൽ ആർക്കെങ്കിലും ഒരു അത്യാഹിതമുണ്ടായാൽ ചുമന്ന് കൊണ്ടുപോകുകയേ മാർഗമുള്ളൂ. ഇടുങ്ങിയ പൊളിഞ്ഞ വഴിയിലൂടെ ഇരുചക്ര വാഹനം പോലും പോകാനാവില്ല. മണ്ഡപത്തിൻകടവ് വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.
ജലവിഭവ വകുപ്പിനേ ഇവിടെ പാലം പണിയാനാകൂ. പാലം പണിയണമെന്ന ആവശ്യമുന്നയിച്ച് പ്രദേശവാസികൾ ജലവിഭവ വകുപ്പിനും ജനപ്രതിനിധികൾക്കും പലതവണ നിവേദനം നൽകിയെങ്കിലും പരിഗണിക്കുന്നില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.