പൂവച്ചല്‍ പഞ്ചായത്ത്; പ്രസിഡൻറിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയ നോട്ടീസ്
text_fieldsകാട്ടാക്കട: ഇടതുപക്ഷം ഭരിക്കുന്ന പൂവച്ചല്‍ പഞ്ചായത്ത് പ്രസിഡൻറിനെതിരെ വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസും സ്വതന്ത്ര അംഗവും ഉള്‍പ്പെടെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. സനല്കുമാറിനെതിരെയാണ് ബുധനാഴ്ച വെള്ളനാട് ബി.ഡി.ഒക്ക് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കേവല ഭൂരിപക്ഷമില്ലാത്ത പ്രസിഡൻറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയത്.
23 അംഗ പഞ്ചായത്തിൽ സി.പി.എം -6, സി.പി.ഐ -3, കോണ്‍ഗ്രസ് -7, ബി.ജെ.പി- 6, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ കോണ്‍ഗ്രസിലെ അനൂപ്കുമാര്‍, കട്ടയ്ക്കോട് തങ്കച്ചന്, സൗമ്യ ജോസ്, അഭിലാഷ്, ബോബി അലോഷ്യസ്, ലിജു സാമുവേല്‍, അഡ്വ. രാഘവലാല്‍, സ്വതന്ത്ര അംഗം വത്സല എന്നിവരാണ് അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിട്ടിട്ടുള്ളത്.
പഞ്ചായത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരുമാണ് ഭരണം നിയന്ത്രിക്കുന്നതെന്നും ഭരണസമിതി നിർജീവമെന്നുമുള്ള പരാതി രൂക്ഷമാകുന്നതിനിടെയാണ് പ്രസിഡൻറിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് അവിശ്വാസവുമായി എത്തിയത്. സ്പോണ്‍സര്‍ഷിപ്പിലൂടെ ചെലവുകള്‍ നടത്തിയിട്ടും ഡി.സി.സിയുടെ മറവില്‍ ലക്ഷങ്ങളുടെ അഴിമതി, വീരണകാവ് പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂനിറ്റിലും പഞ്ചായത്തിലെ താല്‍ക്കാലിക നിയമനങ്ങളിവും അഴിമതി, തൊഴിലുറപ്പ് പദ്ധതി അട്ടിമറി, ഇ ടെൻഡര്‍ കൃത്രിമം തുടങ്ങിയ ആരോപണങ്ങളാണ് അവിശ്വാസപ്രമേയ നോട്ടീസില്‍ പറയുന്നത്.
പഞ്ചായത്ത് ഭരണത്തിനെതിരെ കോൺഗ്രസ് ഇതുവരെ ശബ്ദമുയർത്താതിരുന്നത് അണികൾക്കിടയിൽ അഭിപ്രായഭിന്നത ഉയർത്തി. എന്നാല്‍, സി.പി.ഐയിലെ വൈസ് പ്രസിഡൻറ് ഒ. ശ്രീകുമാരിക്കെതിരെ തല്ക്കാലം കോണ്‍ഗ്രസ് അവിശ്വാസപ്രമേയം നല്‍കാനിടയില്ല. എന്നാല്‍, വൈസ് പ്രസിഡൻറിനെതിരെ ബി.ജെ.പി ചരടുവലി ആരംഭിച്ചതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.