സംരക്ഷണ നടപടികൾ പാളുന്നു: കാട്ടുതീ പതിവായി
text_fieldsകാട്ടാക്കട: ചൂട് കനത്തതോടെ വനമേഖലയിൽ കാട്ടുതീ പതിവാകുന്നു. കാട്ടുതീ ഒഴിവാക്കാൻ വനംവകുപ്പടക്കം നിരവധി സംരക്ഷണ നടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും അവ ലക്ഷ്യം കാണാത്ത സാഹചര്യമാണ്.
കാട്ടുതീ പിടിക്കാതിരിക്കാന്‍ ഫയര്‍ ലെയിന്‍ തെളിയിക്കലുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കാറുണ്ട്. എന്നാല്‍, പുല്‍മേടുകളിലും ഉള്‍വനങ്ങളിലും വര്‍ഷംതോറും ഹെക്ടർ കണക്കിന് വനഭൂമി കത്തി നശിക്കുന്നതായി വനപാലകര്‍തന്നെ സമ്മതിക്കുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ക്ലാമല ബീറ്റ്, കോട്ടൂര്‍ പ്രദേശങ്ങളിലുണ്ടാകാറുള്ള തീപിടിത്തങ്ങള്‍ പുറത്തറിയുകയും അഗ്നിശമനസേനാ സ്ഥലത്തെത്തി തീ കെടുത്തുകയും ചെയ്യാറുണ്ട്. അതേസമയം വനത്തിലെ തീകെടുത്തല്‍ നിലവില്‍ അഗ്നിശമന സേനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ മാത്രമാണ് ഫയര്‍ഫോഴ്സിന് വന മേഖലയിലേക്ക് കടന്ന് തീകെടുത്താനാകുന്നത്. മറ്റിടങ്ങളില്‍ വനസംരക്ഷണ രംഗത്തുള്ളവർ തന്നെ സാധ്യമായ വിധത്തിൽ തീകെടുത്തുകയാണ് പതിവ്.
ഉള്‍വനങ്ങളില്‍ വര്‍ഷംതോറും ഹെക്ടര്‍ കണക്കിന് വനഭൂമി കത്തി നശിക്കാറുണ്ട്. എന്നാല്‍, ഇതൊന്നും പുറംലോകം അറിയാറില്ല. മുന്‍കാലങ്ങളില്‍ ദിവസങ്ങളോളം തീപടര്‍ന്നുപിടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഡിസംബര്‍ അവസാനവാരം മുതല്‍ മാര്‍ച്ച് വരെയാണ് പൊതുവെ കാട്ടുതീ ഉണ്ടാകാറുള്ളത്. ഇത്തവണ ഫെബ്രുവരി പകുതിയോടെ വേനലിന്‍റെ കാഠിന്യമേറി. അതിനാൽ മുന്‍കാലങ്ങളെ അപേക്ഷിച്ച് പലേടത്തും തീപടരുന്ന സാഹചര്യമുണ്ടായി. വേനല്‍ക്കാലത്ത് വനമേഖലയോട് ചേർന്ന കൃഷിയിടങ്ങള്‍ തീയിട്ട് കൃഷിക്ക് പാകമാക്കുന്നത് പലപ്പോഴും കാട്ടുതീ പടരാൻ ഇടയാക്കുന്നു.
വേനല്‍ക്കാലത്ത് വനത്തിലെ കാട്ടുതീ തടയുന്നതിന് പ്രത്യേക സുരക്ഷാ വിഭാഗത്തെ നിയോഗിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇതേവരെ പരിഹരിച്ചിട്ടില്ല. താല്‍ക്കാലിക ഫയർ വാച്ചർമാര്‍ക്ക് കൃത്യമായ ശമ്പളം നല്‍കാത്തതടക്കം അധികൃതരുടെ ഭാഗത്തുനിന്നുള്ള അവഗണനകളും തുടരുന്നു. വേനല്‍ക്കാലത്ത് കാട്ടുതീ പിടിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍വനങ്ങളില്‍ സന്ദര്‍ശിക്കാറില്ലത്രെ. വാഹനങ്ങളിൽ എത്തുന്നതവരെ മാത്രമായി പരിശോധനകൾ പരിമിതപ്പെടുന്നെന്ന് ആദിവാസിമേഖലയില്‍ നിന്നുള്ളവരടക്കം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.