കരുതൽ മേഖല; ആന പുനരധിവാസ കേന്ദ്രത്തിലെ നിർമാണങ്ങൾക്കെതിരെ മലയോരവാസികൾ
text_fieldsകാട്ടാക്കട: കരുതൽ മേഖല റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ചതിനുപിന്നാലെ ജില്ലയിലെ മലയോര മേഖലയിലെ താമസക്കാരും കര്‍ഷകരും ആശങ്കയില്‍. കെട്ടിടങ്ങളും കടകളും നിർമിക്കുകയും റബറും കൈതച്ചക്കയുമുള്പ്പെടെ കൃഷികളും ചെയ്യുന്ന ഭൂമിയില്‍ നിയന്ത്രണങ്ങള്‍ വരുന്നെന്ന പ്രചാരണം ശക്തിപ്പെട്ടതോടെ ജനങ്ങൾക്കിടയിൽ പ്രതിഷേധവും ശക്തമാവുകയാണ്.
ഇതിന്റെ ഭാഗമായി കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിൽ നടക്കുന്ന നിർമാണങ്ങൾക്കെതിരെ നാട്ടുകാർ സംഘടിച്ച് ശബ്ദമുയർത്തി. വനഭൂമിയില്‍ ടൺ കണക്കിന് മണ്ണ് നീക്കംചെയ്ത് കൂറ്റന്‍ കെട്ടിടങ്ങൾ നിർമിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച കോട്ടൂരില്‍ നാട്ടുകാർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഇതോടെ അന്തർദേശീയ നിലവാരത്തില്‍ 108 കോടി ചെലവിട്ട് കിഫ്ബി വഴി നടപ്പാക്കുന്ന പ്രവൃത്തികളുടെ പുരോഗതി ജനകീയ പ്രതിഷേധംമൂലം പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് അധികൃതർ. ആനകളുടെ പുനരധിവാസവും സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സഞ്ചാരികള്‍ക്ക് ആനകളെ അടുത്ത് കാണാനുള്ള അവസരവും ലക്ഷ്യമിട്ടാണ് കേന്ദ്രത്തിൽ പദ്ധതികൾ നടപ്പാക്കുന്നത്.
അഗസ്ത്യവനത്തിലെ കാപ്പുകാട് വനമേഖലയിൽ 2008ലാണ് ആന പുനരധിവാസ കേന്ദ്രം ആരംഭിച്ചത്. കാട്ടിൽ കൂട്ടംതെറ്റിയെത്തുന്ന കുട്ടിയാനകൾ, ജനവാസ മേഖലകളിലിറങ്ങി സ്ഥിരമായി നാശംവരുത്തുന്ന കാട്ടാനകൾ, ആന ക്യാമ്പുകളിലെ പ്രായംചെന്ന ആനകൾ, മനുഷ്യന്റെ ക്രൂരതക്ക് ഇരയാകുന്ന നാട്ടാനകൾ എന്നിവയാണ് ഇപ്പോള്‍ ഇവിടെയുള്ളത്.
കേന്ദ്രത്തെ 50 ആനകളെ പാർപ്പിക്കാവുന്ന സൗകര്യങ്ങളോടെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള നിർമാണ പ്രവൃത്തികളാണ് നടക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ നിർമാണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
ആനകളെ ചികിത്സിക്കുന്നതിനുള്ള ആശുപത്രി, ലബോറട്ടറി, ഓപറേഷൻ തിയറ്റർ, ഇണചേരാനുള്ള സൗകര്യം, ആനകൾക്കായി ശ്മശാനം എന്നിവയാണ് നിർമിക്കുന്നത്. ഡോർമിറ്ററി, കെട്ടിടങ്ങള്‍, ക്ലാസ് മുറികൾ, കോൺഫറൻസ് ഹാൾ, ഓഡിയോ-വിഷ്വൽ സെന്റർ, ലാബ്, ലൈബ്രറി തുടങ്ങിയവക്കുള്ള കെട്ടിടങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്.
നെയ്യാർ-പേപ്പാറ വനവികസന ഏജൻസിക്ക് നടത്തിപ്പ് ചുമതലയുള്ള കാപ്പുകാട് ആന പാര്‍ക്കിലെ നിർമാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതുല്പ്പെടെ സമര പരിപാടികളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് നാട്ടുകാര്‍. വനത്തില്‍ വന്‍തോതില്‍ മണ്ണ് നീക്കം ചെയ്തും ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്താലും നിർമിക്കുന്ന കെട്ടിടങ്ങളാണ് പരിസ്ഥിതിക്ക് ദോഷമെന്ന് പ്രതിഷേധ കൂട്ടായ്മ ആരോപിച്ചു. പ്രതിഷേധത്തെ തുടക്കത്തിലേ തടയാന്‍ അധികൃതര്‍ നീക്കമാരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.