അപകടക്കെണിയായി റിസര്‍വോയറുകളും കുളങ്ങളും
text_fieldsകാട്ടാക്കട: അപകടക്കെണികളായ കുളങ്ങളിലും റിസര്‍വോയറുകളിലും വിദ്യാർഥികള്‍ ഉള്‍പ്പെടെ സംഘമെത്തുന്നത് നാട്ടുകാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു.
നെയ്യാര്‍ഡാം, പേപ്പാറ, അരുവിക്കര എന്നിവിടങ്ങളിലെ റിസര്‍വോയറുകളും ആളൊഴിഞ്ഞ പ്രദേശങ്ങളിലെ കാടും പടർപ്പും പിടിച്ച് അപകടക്കെണികളായ കുളങ്ങളിലും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനുംവേണ്ടി നിരവധി സംഘങ്ങളാണ് എത്തുന്നത്.
അവധി ദിവസങ്ങളിലും, സന്ധ്യകളിലുമാണ് കൂടുതലായി ഇത്തരം സംഘങ്ങളെത്തുന്നത്. സംഘമായെത്തുന്നവരോട് പ്രദേശത്തെ അപകടസ്ഥിതിയെക്കുറിച്ച് നാട്ടുകാരാരെങ്കിലും പറഞ്ഞാല്‍ പിന്നെ വാക്കേറ്റത്തിലും സംഘട്ടനങ്ങളിലുമാണ് കലാശിക്കാറുള്ളത്.
ഒരുവര്‍ഷത്തിനുള്ളില്‍ കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലായി 20ലേറെപ്പേരാണ് വെള്ളത്തില്‍ മുങ്ങിമരിച്ചത്. ശനിയാഴ്ച മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ടല കരിങ്കുളത്ത് മീന്‍പിടിക്കാനായെത്തിയ ഏഴംഗ പ്ലസ് വണ്‍ വിദ്യാർഥി സംഘത്തിലെ കൗമാരക്കാരന്‍ വെള്ളത്തില്‍ മുങ്ങി മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
മലയിന്‍കീഴ്, അന്തിയൂര്‍കോണം സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് ശനിയാഴ്ച അവധിയായിരുന്നു. ക്ലാസ് ഇല്ലെന്ന് സ്കൂളില്‍നിന്നും സന്ദേശമറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഏഴംഗ സംഘം ഒത്തുകൂടി ആദ്യം നെല്ലിക്കാട് പെരുംകുളത്ത് എത്തി.
ഏറെനേരം ചെലവഴിച്ച സംഘം അവിടെ ശുചീകരണജോലി നടക്കുന്നതിനാലാണ് ഒരുകിലോമീറ്റര്‍ അകലെയുള്ള ആള്‍വാസം കുറഞ്ഞ കുളത്തിൻകരയിലെത്തിയത്. അവിടെ എത്തിയ സംഘം വസ്ത്രങ്ങള്‍ മാറ്റിയശേഷം കുളത്തിലിറങ്ങി കുളിക്കുകയും ചൂണ്ടയിടുകയും, സെല്‍ഫിയെടുക്കുകയും ചെയ്തു.
ഇതിനിടെ അതുവഴിപോയ വീട്ടമ്മ സ്ഥലത്തെ അപകട മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. ഇതൊന്നുംവകവെക്കാതെയാണ് സംഘം കുളിയും മീന്‍പിടിത്തവും തുടര്‍ന്നത്.
ഇതിനിടെയാണ് മലയിന്‍കീഴ് സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി പേയാട് ആല്‍ത്തറക്കോണം അരുണ്‍ നിവാസില്‍ അരുണ്‍ജോസ് വെള്ളത്തിലേക്ക് മുങ്ങിത്താഴ്ന്നത്. കൂടെയുണ്ടായിരുന്ന ആര്‍ക്കുംതന്നെ നീന്തലും വശമില്ലായിരുന്നു.
സഹപാഠി വെള്ളത്തിലേക്ക് മുങ്ങിത്താഴ്ന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ നിലവിളിച്ചു. അതുവഴിവന്നയാള്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. തുടര്‍ന്ന് യാത്രക്കാരന്‍ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു.
ഉടന്‍തന്നെ സ്ഥലത്തെത്തിയ കാട്ടാക്കട അഗ്നിരക്ഷാ സേന ഓഫിസര്‍ തുളസീധരന്‍, സേനാംഗങ്ങളായ ജിതിന്‍,അനു, ഹരികൃഷ്ണന്‍ എന്നിവരും നാട്ടുകാരനായ ഹരിയും ചേര്‍ന്ന് കുളത്തിലേക്ക് ചാടി. ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ചേതനയറ്റ അരുണ്‍ജോസിന്‍റെ മൃതദേഹം കരക്കെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.