റോഡ് നവീകരിച്ചില്ല; ആന പുനരധിവാസ കേന്ദ്രത്തിലേക്ക് ഓണക്കാലത്തും സഞ്ചാരികൾക്ക് എത്താനായില്ല
text_fieldsകാട്ടാക്കട: അന്താരാഷ്ട്ര നിലവാരത്തിലുള്ള കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്ക് ഈ ഓണക്കാലത്തും സഞ്ചാരികൾക്ക് എത്താനായില്ല. ഇവിടേക്കുള്ള റോഡ് നവീകരണത്തിനായി അടച്ചിട്ടതാണ് കാരണം. ഓണം മുതൽ സഞ്ചാരികളെ സ്വീകരിക്കാൻ കേന്ദ്രം ഒരുങ്ങിയതായി വനംവകുപ്പ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍, ആന പാര്‍ക്കില്‍ പോകാന്‍ എത്തിയ സഞ്ചാരികളെ റോഡ് ഗതാഗത യോഗ്യമല്ലെന്ന് എന്നറിയിച്ച് കേന്ദ്രത്തിന് 500മീറ്റര്‍ അകലെവെച്ച് തടയുകയായിരുന്നു.
കാപ്പുകാട് റോഡിനെ ആശ്രയിക്കുന്ന അഗസ്ത്യവനത്തിലെ ആദിവാസികളുള്‍പ്പെടെ നൂറുകണക്കിന് കുടുംബങ്ങള്‍ മാസങ്ങളായി യാത്രാദുരിതം പേറുകയാണ്. കോട്ടൂർ കാപ്പുകാട് മുതൽ കാവടിമൂല വരെയുള്ള ഒന്നര കിലോമീറ്റർ വരുന്ന പഞ്ചായത്ത് റോഡാണ് 6.25 കോടി രൂപ ചെലവിട്ട് 30 വര്‍ഷത്തേക്ക് അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത തരത്തിൽ ആറ് മീറ്റര്‍ വീതിയിൽ നവീകരിക്കുന്നത്.
പാലക്കാട് ഐ.ഐ.ടിയുടെ സാങ്കേതിക മേല്‍നോട്ടത്തിൽ കിഫ്ബിയുടേതാണ് പദ്ധതി. വാഹന ഗതാഗതം പൂർണമായി നിരോധിച്ചാണ് റോഡ് പണിയുന്നത്. ആന പരിപാലന കേന്ദ്രത്തെ ലോകനിലവാരത്തിലേക്കുയർത്തുന്ന കിഫ്ബി പദ്ധതി പുരോഗമിക്കുന്നതിനൊപ്പമാണ് റോഡും നവീകരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ ജോലികളിൽ നിലവിൽ ഒരു വശത്തെ കോൺക്രീറ്റിങ് മാത്രമാണ് പൂർത്തിയായത്.
ഹെവി കോണ്‍ക്രീറ്റ് ഉപയോഗിക്കുന്നതിനാൽ ജോലികൾക്ക് കൂടുതൽ സമയം വേണമെന്നാണ് അധികൃതര്‍ പറയുന്നത്. 1500 മീറ്ററുള്ള റോഡ് ഓരോ ദിവസവും 100 മീറ്റർ വീതമാണ് കോൺക്രീറ്റ് ചെയ്യുക.
മഴക്കാലത്ത് ഇത് ചെയ്യാനാകില്ല. കോൺക്രീറ്റ് നടക്കുമ്പോൾ വാഹനങ്ങൾ കടത്തിവിടാനാകില്ല. കോൺക്രീറ്റിങ് കഴിഞ്ഞിട്ടും റോഡിലെ വൈദ്യുതി തൂണുകൾ പൂർണമായി നീക്കം ചെയ്തില്ലെന്നും വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിൽ ഒഴുകിപ്പോകാൻ ഓട പണിതില്ലെന്നും ആരോപണമുണ്ട്.
റോഡ് അടച്ചതിനെ തുര്‍ന്ന് കെ.എസ്.ആർ.ടി.സിയുടെ കാപ്പുകാട് ബസ് സർവിസുകളും നിർത്തി. വിദേശികൾ ഉൾപ്പെടെ കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലമാണ് ആന പരിപാലന കേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.