പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: രണ്ട് സ്ത്രീകളടക്കം നാലു പേർക്ക് 30 വർഷം കഠിനതടവ്
text_fieldsകാട്ടാക്കട: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പണം വാങ്ങി നിരവധിപേര്‍ക്ക് കാഴ്ചവെച്ച കേസിൽ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പ്രതികൾക്ക് 30 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചു. മലയിൻകീഴ് താമസിച്ചിരുന്ന വിളപ്പിൽശാല കാവിൻപുറം പെരുവികോണത്തു സൗമ്യ ഭവനിൽ ശ്രീകല (47 -കല), മലയിൻകീഴ് അരുവിപ്പാറ സനൂജ മൻസിലിൽ നിന്ന് പൊട്ടൻക്കാവിൽ താമസിക്കുന്ന ഷാഹിദ ബീവി (52 -ഷൈനി), മാറനല്ലൂർ ചീനിവിള മുണ്ടഞ്ചിറ വീട്ടിൽ നിന്ന് മലയിൻകീഴ് ബ്ലോക്ക് നടയിൽ താമസിക്കുന്ന സദാശിവൻ(71), മുണ്ടേല കുരിശ്ശടിക്ക് സമീപം സുരേഷ് ഭവനിൽ നിന്ന് മലയിൻകീഴ് മേപ്പൂക്കടയിൽ താമസിക്കുന്ന സുമേഷ് (33-രമേഷ്) എന്നിവരെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ ശിക്ഷിച്ചത്.
സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും, ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചുമാണ് പെൺകുട്ടിയെ പണം വാങ്ങി പീഡനത്തിനായി കൈമാറിയത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷവും അഞ്ച് മാസവും കൂടി ശിക്ഷ അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു.
പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി അനുഭവിച്ച മാനസിക വിഷമങ്ങൾ കണക്കിലെടുത്ത് പിഴത്തുക അപര്യാപ്തമാണെന്നു വിലയിരുത്തി ആവശ്യമായ സഹായം നൽകാൻ ജില്ല ലീഗൽ അതോറിറ്റിയോട് കോടതി നിർദേശിച്ചു.
2015ലാണ് കേസിന് ആസ്പദമായ സംഭവം. മറ്റൊരു കേസിലെ മൊഴി നൽകുന്നതിന് നെടുമങ്ങാട് ഡിവൈ.എസ്.പി ആയിരുന്ന ജെ.കെ. ദിനിൽ മുമ്പാകെ ഹാജരായ പെൺകുട്ടി തനിക്ക് നേരിട്ട പീഡന വിവരം ഉദ്യോഗസ്ഥനെ അറിയിച്ചു.
തുടർന്ന് പെൺകുട്ടിയുടെ മാതാവ് വിളപ്പിൽശാല പൊലീസില്‍ നൽകിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പിയായിരുന്ന അനില്‍ കുമാറാണ് കോടതിയില്‍ നാല് പ്രതികളുടെ കുറ്റപത്രം നല്‍കിയത്.
പ്രതികൾ ചേർന്ന് 15 പേർക്കാണ് പെൺകുട്ടിയെ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായുള്ള നടപടി തുടരുകയാണ്. നാല് പേർക്കെതിരെയാണ് നിലവിൽ കുറ്റപത്രം ഉള്ളത്. കേസിൽ സാഹചര്യ തെളിവുകളാണ് കോടതി കൂടുതൽ പരിഗണിച്ചത്.
36 സാക്ഷികളെ വിസ്തരിച്ചു. ചിലർ കൂറുമാറി പ്രതിഭാഗം ചേർന്നെങ്കിലും മാതൃതുല്യരായവർ ചേർന്ന് നടത്തിയ ഹീനമായ കുറ്റകൃത്യം ആണിതെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ്, പ്രണവ്, ലെയ്സൺ ഓഫിസർ സെൽവി എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.