അഞ്ചുവര്‍ഷം പിന്നിട്ടിട്ടും സ്കൂൾ കെട്ടിട നിർമാണം പാതിവഴിയില്‍
text_fieldsകാട്ടാക്കട: കണ്ടല സര്‍ക്കാര്‍ ഹൈസ്കൂള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബഹു നില കെട്ടിടം നിര്‍മാണം ആരംഭിച്ച് അഞ്ചു വര്‍ഷം പിന്നിട്ടിട്ടും പാതിവഴിയില്‍; സ്കൂള്‍ കവാടത്തിന്റെ പണി മാത്രമാണ് പൂര്‍ത്തിയായത്.
ഫണ്ട് തീർന്നെന്ന കാരണത്താലാണ് കെട്ടിട നിര്‍മാണം പാതിവഴിയില്‍ നിലച്ചതത്രെ. പണി പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളില്‍ ടൈല്‍ പാകുന്ന ജോലിവരെ പൂര്‍ത്തിയാക്കിയെങ്കിലും ജലവിതരണവും വൈദ്യുതിയുമായും ബന്ധപ്പെട്ട ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനാല്‍ പണി പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കാനും കഴിയുന്നില്ല. അടുത്തിടെ ഒരു കോടിയിലേറെ രൂപ മറ്റ് കെട്ടിട നിര്‍മാണത്തിനായി അനുവദിച്ചെങ്കിലും പണിക്ക് വേഗതയില്ലെന്നാണ് രക്ഷകര്‍ത്താക്കളുടെയും നാട്ടുകാരുടെയും പരാതി.
എന്നാല്‍ സ്കൂളിന്റെ പ്രധാന കവാടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് താല്പര്യമേറെയെന്നാണ് നാട്ടുകാരുടെ പരാതി. ഈ അധ്യയന വര്‍ഷം പുതിയ ക്ലാസ് മുറികളില്‍ പഠനം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇഴഞ്ഞുനീങ്ങുന്ന നിർമാണ ജോലികള്‍ അടുത്ത അധ്യയന വര്‍ഷത്തിലും ക്ലാസുകള്‍ ആരംഭിക്കാനാകാത്ത തരത്തിലാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
സ്കൂള്‍ ഹൈടെക് നിലവാരത്തിലേക്ക് എത്തിക്കാന്‍ വേണ്ടിയുള്ള പ്രഖ്യാപനം നടത്തി നിർമാണം തുടങ്ങിയപ്പോള്‍ തന്നെ എല്ലാ ക്ലാസുകളിലും കുട്ടികളുടെ എണ്ണവുംകൂടി.
മൂന്ന് വര്‍ഷമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിക്കുന്ന സ്കൂളില്‍ സുരക്ഷിതമായ ക്ലാസ് മുറികളിലെ പഠനം കൂടി കുട്ടികള്‍ക്ക് ഉറപ്പുവരുത്താന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടേയും രക്ഷകര്‍ത്താക്കളുടേയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.